stadium

കൂത്താട്ടുകുളം: കൂത്താട്ടുകുളത്തെ നഗരസഭാ സ്റ്റേഡിയം നിർമ്മാണം പൂർത്തിയാക്കാത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർണ നടത്തി. എ.ഐ.സി.സി അംഗം ജെയ്സൺ ജോസഫ് ധർണ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ്‌ റെജി ജോൺ അദ്ധ്യക്ഷനായി. പിറവം ബ്ലോക്ക്‌ കോൺഗ്രസ്‌ പ്രസിഡന്റ്‌ പി. സി ജോസ് , കൂത്താട്ടുകുളം യു.ഡി.എഫ് ചെയർമാൻ പ്രിൻസ് പോൾ ജോൺ, ബേബി കീരാംതടം , സിബി കൊട്ടാരം, പി.സി. ഭാസ്കരൻ, ജിജോ ടി. ബേബി എന്നിവർ സംസാരിച്ചു. 2015ലെ യു.ഡി.എഫ് ഭരണസമിതി തുടങ്ങിവച്ചതാണ് സ്റ്റേഡിയം നിർമ്മാണം. എം.എൽ.എ ഫണ്ടിൽ നിന്ന് രണ്ട് ഘട്ടമായി 90 ലക്ഷം രൂപ അനുവദിക്കുകയും ചെയ്തിരുന്നു. എന്നാൽ നിലവിലെ എൽ.ഡി.എഫ് ഭരണസമിതി സ്റ്റേഡിയം നിർമ്മാണം പൂർത്തീകരിക്കാൻ നടപടികൾ സ്വീകരിക്കുന്നില്ലെന്നാണ് കോൺഗ്രസ് ആക്ഷേപം. ബിജു ജോൺ, ടി.എസ്. സാറ, റോയ് ഇരട്ടിയാനി, മരിയ ഗോരത്തി , ലിസി ജോസ്, കെ.എം. തമ്പി, ജോമി മാത്യു, വിശ്വനാഥൻ നായർ തുടങ്ങിയവർ ധർണയ്ക്ക് നേതൃത്വം നൽകി.