കൊച്ചി: കൂട്ട മൊബൈൽ മോഷണക്കേസിൽ താനെയിൽ പിടികൂടിയ ഉത്തർപ്രദേശ് സ്വദേശി ശ്യാം ബരൻവാളും താനെ സ്വദേശി സണ്ണി ഭോല യാദവും കഴിഞ്ഞ 18ന് പൂനെയിലെ അലൻ വാക്കർ സംഗീതനിശയിലും കവർച്ച നടത്തിയതായി സംശയം. പൊലീസ് താനയിലെത്തുമ്പോൾ ഇരുവരും സ്ഥലത്തുണ്ടായിരുന്നില്ല. മൊബൈൽ ടവർ ലൊക്കേഷൻ പരിശോധിച്ചപ്പോൾ പൂനെയിലെന്ന് വ്യക്തമായി. വിശദമായി തെരഞ്ഞപ്പോഴാണ് ഇവർ അലൻ വാക്കർ ഷോയിൽ പോയെന്ന് ഉറപ്പായത്.

കഴിഞ്ഞദിവസം രാത്രി പൂനെയിൽ നിന്നെത്തി വിശ്രമിക്കുമ്പോഴാണ് വീടുവളഞ്ഞ് കസ്റ്റഡിയിലെടുത്തത്. താനെ പൊലീസിന്റെ സഹായവും ലഭിച്ചു പൊലീസിനെ തള്ളിയിട്ട് രക്ഷപ്പെടാൻ ശ്യാം ശ്രമിച്ചെങ്കിലും കീഴ്‌പ്പെടുത്തി. കട്ടിലിനിടയിലെ പെട്ടിയിൽ ഒളിച്ചിരിക്കുകയായിരുന്നു സണ്ണി. വീട് അരിച്ച് പെറുക്കിനടത്തിയ പരിശോധനയിലാണ് കണ്ടെത്തിയത്.

മുംബയ് സംഘത്തിലെ രണ്ട് പ്രതികൾ വാരണാസിയിലേക്ക് കടന്നതായാണ് വിവരം. അന്വേഷണ സംഘം വാരണാസിയിലേക്ക് തിരിക്കും. ഡൽഹി സംഘത്തിലെ രണ്ടു പേരുടെ ഒളിസങ്കേതത്തേക്കുറിച്ചും സൂചനകൾ ലഭിച്ചിട്ടുണ്ട്.

ഡൽഹിയിൽ ഈ മാസം നടന്ന ദസറ ആഘോഷത്തിനിടെയും മൊബൈൽ ഫോണുകൾ കവർന്നതായി അത്തിഖ് ഉർ റഹ്മാൻ വെളിപ്പെടുത്തിയതായാണ് വിവരം. ഈ മൊഴിയും കേസുവിവരങ്ങളും അന്വേഷണ സംഘം ഡൽഹി പൊലീസിന് കൈമാറും. കൊച്ചി സിറ്റി ഡി.സി.പി കെ.എസ് സുദർശൻ, സെൻട്രൽ എ.സി.പി സി. ജയകുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.