
തൃപ്പൂണിത്തുറ: നവംബറിൽ ഒരു വർഷം പൂർത്തിയാകുന്ന കെ സ്മാർട്ട് പദ്ധതിയുടെ ഭാഗമായി തൃപ്പൂണിത്തുറ നഗരസഭ കഴിഞ്ഞ ദിവസമാണ് സമ്പൂർണ ഡിജിറ്റൽ സാക്ഷരത നേടിയതായി പ്രഖ്യാപിച്ചത്. ജനനമരണ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, കെട്ടിട നികുതി, വിവിധ ബില്ലുകൾ തുടങ്ങി എല്ലാ സേവനങ്ങളും ഇപ്പോൾ കെ-സ്മാർട്ട് വഴിയാണ്. എന്നാൽ, നഗരസഭയിൽ നേരിട്ടെത്തി നടത്താമായിരുന്ന പല സേവനങ്ങളും കെ- സ്മാർട്ടിന്റെ വരവോടെ ജനങ്ങൾക്ക് അധികഭാരമായി മാറിയെന്നാണ് നാട്ടുകാരുടെ പക്ഷം. പല സേവനങ്ങളും കെ സ്മാർട്ടിൽ അപ്ഡേറ്റ് ചെയ്യാത്തതാണ് പ്രധാന കാരണം. കൂടാതെ, സ്മാർട്ട്ഫോണിൽ ആപ്പ് ഉപയോഗിക്കാൻ അറിയാത്ത സാധാരണക്കാർക്ക് അക്ഷയകേന്ദ്രങ്ങളിലൂടെ മാത്രമേ അപേക്ഷ നൽകാൻ കഴിയൂ. എന്നാൽ, സേവനങ്ങൾക്ക് നിശ്ചയിച്ചിട്ടുള്ള ഫീസിന് പുറമേ അധിക തുക അക്ഷയ കേന്ദ്രങ്ങൾ ഈടാക്കുന്നുവെന്ന പരാതിയും വ്യാപകമാണ്.
1. ഹാളിന്റെ ലഭ്യത കെ സ്മാർട്ടിലില്ല
മുമ്പ് തൃപ്പൂണിത്തുറ നഗരസഭയിലെ വിവിധ ഹാളുകൾ ബുക്ക് ചെയ്യുന്നതിന് നഗരസഭയിലെത്തി ലഭ്യത നോക്കി തുകയടച്ചാൽ മതിയായിരുന്നു. എന്നാൽ ഇന്ന് അക്ഷയ കേന്ദ്രത്തിൽ അപേക്ഷ സമർപ്പിച്ചതിന്റെ രസീതുമായി നഗരസഭയിലെ ബന്ധപ്പെട്ട സെക്ഷനുകളിലെത്തി ഹാളിന്റെ ലഭ്യത വിലയിരുത്തി വീണ്ടും അക്ഷയ കേന്ദ്രത്തിൽ അപ്ഡേറ്റ് ചെയ്യണം. ശേഷം നഗരസഭയിലെത്തി പണമടച്ച് ബുക്ക് ചെയ്യണം. രണ്ടു തവണ വീതം അക്ഷയയിലും നഗരസഭയിലും കയറിയിറങ്ങണം എന്ന് ചുരുക്കം. ഹാളിന്റെ ലഭ്യത കെ-സ്മാർട്ടിൽ അപ്ഡേറ്റ് ചെയ്യാത്തതാണ് കാരണം.
2. കെട്ടിട വിവരങ്ങൾ ലിങ്ക് ചെയ്തില്ല
ഓൺലൈനായി വസ്തുനികുതി അടയ്ക്കാമെന്ന വ്യാമോഹം വേണ്ട. കെട്ടിട വിവരങ്ങൾ അസസ്മെന്റ് രജിസ്റ്ററിൽ നിന്ന് പൂർണമായി കെ-സ്മാർട്ടിൽ ലിങ്ക് ചെയ്തിട്ടില്ല. പഴയ രസീത് കാണിച്ച് നഗരസഭയുടെ അസസ്മെന്റ് രജിസ്റ്റർ പരിശോധിച്ച് കെട്ടിട വിവരങ്ങൾ കെ-സ്മാർട്ടിൽ ലിങ്ക് ചെയ്താലേ പണം അടയ്ക്കാനാവൂ.
3. നികുതി പുനർനിർണയം പൂർത്തിയാക്കിയില്ല
കെട്ടിട നിർമ്മാണ പെർമിറ്റുകൾ ലഭിക്കുന്നതിനും നഗരസഭയിൽ കാലതാമസം നേരിടുന്നുണ്ട്. പഴയ തിരുവാങ്കുളം പഞ്ചായത്തിലെ 13 വാർഡുകളിലെ നികുതി പുനർനിർണയം പൂർത്തിയാക്കാൻ റവന്യൂ വിഭാഗത്തിന് ഇതുവരെ കഴിയാത്തതാണ് കാരണം.
ഉദ്യോഗസ്ഥർക്ക് വേണ്ട പരിശീലനം കിട്ടാത്തതിനാൽ ഫയലുകളിലുള്ള മെല്ലെപോക്ക് തുടരുകയാണ്. കെ-സ്മാർട്ട് ജനങ്ങളെ വലയ്ക്കുന്ന പദ്ധതിയാണ്. ഇതിന് പരിഹാരം കാണാനുള്ള ഒരു ശ്രമവും നഗരസഭയോ സർക്കാരോ ചെയ്യുന്നില്ല. നഗരസഭയിൽ അനന്തമായി നീളുന്ന വികസന പ്രവർത്തനങ്ങൾക്ക് കെ സ്മാർട്ടിനെ പഴിചാരി ഭരണപക്ഷം രക്ഷപ്പെടുകയാണ്.
പി.കെ. പീതാംബരൻ
പാർലമെന്ററി പാർട്ടി ലീഡർ,
ബി.ജെ.പി
തൃപ്പുണിത്തുറ നഗരസഭ