choorni
ചൂർണ്ണിക്കര ഗ്രാമപഞ്ചായത്തിൽ ചൂർണി ഭവന പദ്ധതി പ്രകാരം നിർമ്മിച്ച ആദ്യ വീടിന് മുകളിൽ രണ്ടാമത്തെ വീട് നിർമ്മിക്കുന്നതിന് മൂന്ന് മാസം മുമ്പ് കട്ടില സ്ഥാപിച്ച നിലയിൽ

ആലുവ: ഓഡിറ്റ് ഒബ്ജക്ഷനെ തുടർന്ന് ചൂർണിക്കര ഗ്രാമപഞ്ചായത്തിലെ ചൂർണി ഭവന പദ്ധതി അവതാളത്തിലായതോടെ അന്തിയുറങ്ങാൻ സ്വന്തമായി കിടപ്പാടമില്ലാതെ ദുരിതമനുഭവിക്കുന്നവർ ആശങ്കയിലായി. എട്ടാം വാർഡിൽ ടാലന്റ് സ്‌കൂളിന് സമീപം ജിമ്മിയെന്നയാൾ സംഭാവനയായി നൽകിയ 10 സെന്റ് ഭൂമിയിലാണ് ഭൂരഹിത ഭവനരഹിതർക്കായി എട്ട് വീടുകൾ നിർമ്മിക്കാൻ രണ്ടര വർഷം മുമ്പ് ചൂർണി ഭവന പദ്ധതി പ്രഖ്യാപിച്ചത്.
രണ്ടര സെന്റ് സ്ഥലത്ത് രണ്ട് നിലകളിലായി രണ്ട് വീടുകൾ എന്നതായിരുന്നു ലക്ഷ്യം. 420 ചതുരശ്രഅടി വിസ്തീർണമുള്ള ആദ്യ ഭവനത്തിന് ആറ് ലക്ഷം രൂപ ചെലവായത് ഓഡിറ്റ് ഒബ്ജക്ഷന് ഇടയാക്കി. പഞ്ചായത്ത് തനത് ഫണ്ടിൽ നിന്നാണ് പണം അനുവദിച്ചത്. സംസ്ഥാന സർക്കാർ ലൈഫ് പദ്ധതിയിൽ നാല് ലക്ഷം രൂപയ്ക്ക് വീട് നിർമ്മിക്കുമ്പോൾ പഞ്ചായത്ത് ആറ് ലക്ഷം മുടക്കുന്നതായിരുന്നു ഓഡിറ്റ് ഒബ്ജക്ഷന് കാരണം.

ആദ്യ വീട് പൂർത്തിയായിട്ട് രണ്ട് വർഷം

ആദ്യ വീടിന്റെ നിർമ്മാണം പൂർത്തിയായി രണ്ട് വർഷമായിട്ടും ഇതുവരെ ഉപഭോക്താവിനെ കണ്ടെത്താനായില്ല. ലൈഫ് മിഷൻ പട്ടികയിൽ നിന്ന് മുൻഗണനാ പ്രകാരം ഗുണഭോക്താവിനെ കണ്ടെത്താനായിരുന്നു പഞ്ചായത്തിന്റെ തീരുമാനമെങ്കിലും അതിനുള്ള ശ്രമം ആരംഭിച്ചല്ല. നാല് മാസത്തിനകം അതായത് 2022 ജൂലായിൽ നിർമ്മാണം പൂർത്തിയാകുമെന്നായിരുന്നു പ്രഖ്യാപനം. സ്പോൺസർഷിപ്പിൽ മുകളിലെ നില പൂർത്തിയാക്കാൻ തീരുമാനിച്ചതിനെ തുടർന്ന് മൂന്ന് മാസം മുമ്പ് ആഘോഷപൂർവം കട്ടില വച്ചെങ്കിലും തുടർ നിർമ്മാണം നടന്നിട്ടില്ല.

ചെലവേറിയത് ചതുപ്പായതിനാൽ ?

വീടിന്റെ അടിത്തറ നിർമ്മാണത്തിന് പ്രതീക്ഷിച്ചതിലും അധികം പണം ചെലവായത് ചതുപ്പായതിനാലെന്ന് പഞ്ചായത്ത് അധികൃതർ ഈ പ്രവൃത്തി പൂർത്തിയാക്കിയത് മറ്റൊരു കരാറുകാരനെക്കൂടി ഉൾപ്പെടുത്തി വിഷയത്തിൽ തദ്ദേശ സ്വയംഭരണ വകുപ്പ് പഞ്ചായത്തിനോട് വിശദീകരണം തേടിയതായി സൂചന

ഭൂമി ദാനം ചെയ്ത ജിമ്മി ചൂർണി ഭവന പദ്ധതി പ്രകാരം മൂന്ന് വീടുകൾ കൂടി നിർമ്മിച്ച് നൽകാൻ സന്നദ്ധനെന്ന് പഞ്ചായത്തിനെ അറിയിച്ചതായി വിവരം മറ്റൊരു വീടിനും സ്പോൺസറെ ലഭിച്ചു ചതുപ്പ് പ്രദേശമായതിനാൽ താഴത്തെ വീടിന് ആറ് ലക്ഷവും മുകളിൽ നിർമ്മിക്കുന്ന വീടിന് നാല് ലക്ഷവും ചെലവ് വരുമെന്ന് പഞ്ചായത്തിന്റെ വിശദീകരണം