കൊച്ചി: മഹാരാജാസ് കോളേജിന് സ്വയംഭരണ പദവി നഷ്ടമായിട്ടില്ലെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു പറഞ്ഞു. സ്വയംഭരണ കാലാവധി തീരുന്നത് സംബന്ധിച്ച് 2020ൽ തന്നെ യു.ജി.സിക്ക് ഓഫ്‌ലൈനായി അപേക്ഷ സമർപ്പിച്ചിരുന്നു. യു.ജി.സി പോർട്ടലിൽ അപ്‌ലോഡ് ചെയ്യണം എന്ന സാങ്കേതികത്വം മാത്രമാണ് ബാക്കിയുണ്ടായിരുന്നത്. അതിന്റെ പേരിൽ യു.ജി.സി കോളേജിന്റെ സ്വയംഭരണ പദവി റദ്ദാക്കിയിട്ടില്ല. വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും ആശങ്ക വേണ്ടെന്നും കോളേജ് ഔദ്യോഗിക പോർട്ടൽ മുഖേന സമർപ്പിച്ച അപേക്ഷയിന്മേൽ നടപടി പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു. ഇത് സംബന്ധിച്ച് യു.ജി.സിയുടെ ഉറപ്പ് ലഭിച്ചിട്ടുണ്ട്. കോളേജിന്റെ അക്കാഡമിക് - ഇതര വിഭാഗങ്ങൾക്കൊന്നും ഇതുകൊണ്ട് ഒരു പ്രശ്‌നവുമുണ്ടാകില്ല.
ആശങ്കയ്ക്കിടയാക്കിയത് വിവരാവകാശ രേഖ
കോളേജിന് 2020 മാർച്ചു വരെയേ സ്വയംഭരണ പദവി നൽകിയിട്ടുള്ളൂവെന്നും പുതുക്കാൻ കോളേജ് അധികൃതർ അപേക്ഷിച്ചിട്ടില്ലെന്നും വ്യക്തമാക്കി സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റിക്ക് യു.ജി.സി നൽകിയ വിവരാവകാശ രേഖയാണ് വിദ്യാർത്ഥികളിൽ ആശങ്കയ്‌ക്ക് ഇടയാക്കിയത്.
2020 മാർച്ച് മുതൽ കോളേജ് പ്രവർത്തിക്കുന്നത് യു.ജി.സിയുടെ അംഗീകാരമില്ലാതെയാണെന്നും ഇത് പരിശോധിക്കാതെ പ്രിൻസിപ്പലിന്റെ ശുപാർശയുടെ അടിസ്ഥാനത്തിൽ എം.ജി യൂണിവേഴ്സിറ്റി നൽകിയ ബിരുദങ്ങൾ അസാധുവാകാൻ ഇടയുണ്ടെന്നുമായിരുന്നു ആശങ്ക.
ഓട്ടോണമസ് പദവി നഷ്ടപ്പെട്ടെന്നും ഈ സാഹചര്യത്തിൽ കോളേജിനെ എം.ജി യൂണിവേഴ്സിറ്റിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലാക്കണമെന്നും ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി മുഖ്യമന്ത്രിക്കും ഉന്നതവിദ്യാഭ്യാസ മന്ത്രി ക്കും നിവേദനവും നൽകിയിരുന്നു.