
തൃപ്പൂണിത്തുറ: വഴിയിൽനിന്ന് കളഞ്ഞുകിട്ടിയ പണവും രേഖകളുമടങ്ങിയ പഴ്‌സ് തിരിച്ചുനൽകി യുവതി മാതൃകയായി. തൃപ്പൂണിത്തുറ സ്റ്റാച്യു ജംഗ്ഷനടുത്തുള്ള കടയിൽനിന്ന് മകളുടെ പിറന്നാളിനുള്ള വസ്ത്രങ്ങൾ വാങ്ങി ഭർത്താവ് എം.ടി. സജീവുമാെത്ത് ഇറങ്ങുമ്പോഴാണ് വഴിയിൽനിന്ന് തൃപ്പൂണിത്തുറ തെക്കുംഭാഗം കടവിൽ ശ്രീകലയ്ക്ക് 18,300 രൂപയും ഐ.ഡി, എ.ടി.എം കാർഡുകൾ, മറ്റു രേഖകൾ എന്നിവയടങ്ങിയ പഴ്‌സ് ലഭിച്ചത്. ഉടനെ പൊതു പ്രവർത്തകനും സഹോദരനുമായ രാജൻ പനക്കലിനെ അറിയിക്കുകയും മൂവരുംചേർന്ന് ഹിൽപാലസ് പൊലീസ് സ്റ്റേഷനിൽ പഴ്‌സ് ഏൽപ്പിക്കുകയുമായിരുന്നു.
പാലക്കാമറ്റം മിഥുൻ തങ്കപ്പൻ തന്റെ പഴ്‌സ് കളഞ്ഞുപോയതായി ഇതിനിടയിൽ സ്റ്റേഷനിലെത്തി പരാതി നല്കി മടങ്ങിയിരുന്നു. കടകളിൽനിന്ന് കളക്ഷൻ തുക ശേഖരിച്ച് മടങ്ങുമ്പോഴാണ് പഴ്‌സ് നഷ്ടപ്പെട്ടത്. തുടർന്ന് പൊലീസ് മിഥുനെ പഴ്‌സ് കിട്ടിയ വിവരം അറിയിച്ചു. എ.എസ്.ഐ ടെലക്‌സ് മോൻ ബർണാഡ് ശ്രീകലയുടെ സാന്നിദ്ധ്യത്തിൽ പഴ്‌സ് മിഥുന് കൈമാറി.