 
കൊച്ചി: എട്ടു കളികളിൽ ഒന്നിൽപ്പോലും പരാജയമറിയാതെ സൂപ്പർലീഗ് കേരള ഫുട്ബാളിൽ മുന്നേറുന്ന കാലിക്കറ്റ് എഫ്.സിക്ക് ലക്ഷ്യങ്ങൾ പലതുണ്ട്. രാജ്യത്തിന് തന്നെ മാതൃയാകുന്ന ഫുട്ബാൾ ടീമാകണം, കേരളത്തിൽ നിന്ന് യൂറോപ്യൻ ലീഗുകളിൽ കളിക്കുന്ന താരങ്ങളെ സൃഷ്‌ടിക്കണം.
കലൂർ ജവർഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ ഞായറാഴ്ച ഫോഴ്സ കൊച്ചിയെ ഒരുഗോളിന് തോൽപ്പിച്ചതാണ് ഒടുവിലത്തെ വിജയം. ആഗോള ഐ.ടി കമ്പനിയായ ഐ.ബി.എസ് ചെയർമാൻ വി.കെ. മാത്യൂസിന്റെ ഉടമസ്ഥതയിലുള്ള കാലിക്കറ്റ് എഫ്.സി മൂന്നുമാസം മുമ്പാണ് രൂപീകരിച്ചത്. ഇതുവരെ എട്ടുകളികളിൽ നിന്ന് 16 പോയിന്റുമായി സൂപ്പർലീഗിൽ ഒന്നാം സ്ഥാനത്താണ് ക്ളബ്. സെമിയിലേക്ക് മുന്നേറുന്ന ക്ളബിന് കിരീടം തന്നെയാണ് ലക്ഷ്യം.
കാക്കനാട് ഇൻഫോപാർക്കിലെ ഐ.ബി.എസ് ക്യാമ്പസിൽ താരങ്ങളും ഉടമയും പരിശീലകരും ഒത്തുചേർന്നപ്പോൾ പങ്കുവച്ചത് ഭാവിപദ്ധതികളാണ്. ആഗോള സമ്പദ്‌വ്യവസ്ഥയിൽ കായികപരിപാടികൾക്ക് സ്ഥാനം വർദ്ധിക്കുകയാണെന്ന് വി.കെ. മാത്യൂസ് പറഞ്ഞു. കായിരംഗത്തെ പ്രൊഫഷണലാക്കാനും യുവതാരങ്ങൾക്ക് സാദ്ധ്യതകളും അവസരങ്ങളും വർദ്ധിപ്പിക്കാനുമുള്ള പ്രവർത്തനം ക്ളബ് നടത്തുമെന്ന് അദ്ദേഹം പറഞ്ഞു.
ഫുട്ബാളിന് കേരളത്തിൽ ലഭിക്കുന്ന പിന്തുണ വിസ്‌മയിപ്പിക്കുന്നതാണെന്ന് മുഖ്യ പരിശീലകൻ ഇയാൻ ഗില്ലൻ പറഞ്ഞു. ശക്തമായ ഫുട്ബാൾ പശ്ചാത്തലവും മികച്ച കളിക്കാരും കേരളത്തിനുണ്ട്. കുറഞ്ഞകാലം കൊണ്ട് മികവ് കൈവരിച്ച ക്ളബ് ഭാവിയിൽ വലിയ ലക്ഷ്യങ്ങളാണ് മുന്നിൽക്കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ടീം ബ്രാൻഡ് അംബാസഡറും നടനും സംവിധായകനുമായ ബേസിൽ ജോസഫ്, സഹപരിശീലകൻ ബിബി തോമസ് മുട്ടത്ത് തുടങ്ങിയവരും പങ്കെടുത്തു.