കൊച്ചി: ബ്രഹ്മപുരം മാലിന്യ സംസ്‌കരണ പ്ലാന്റിനായി ഏറ്റെടുത്ത ഭൂമിയുടെ ഉടമകൾക്ക് ഉയർന്ന നഷ്ടപരിഹാരം നൽകണമെന്ന് ഹൈക്കോടതി. ഒരു ആർ(2.47സെന്റ്) ഭൂമിക്കു പത്തു ലക്ഷം രൂപ പ്രകാരം നൽകാനാണ് ജസ്റ്റിസ് അമിത് റാവലും ജസ്റ്റിസ് എസ്. ഈശ്വരനും ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. സബ് കോടതി അനുവദിച്ച നഷ്ടപരിഹാരത്തുക അപര്യാപ്തമാണെന്ന് ചൂണ്ടിക്കാട്ടി ഭൂവുടമകളും ഇതിനെതിരെ സർക്കാരും സമർപ്പിച്ച അപ്പീലുകളിലാണ് ഉത്തരവ്. വിവിധ തരത്തിലുള്ള ഭൂമിക്ക് നാലു മുതൽ എട്ടു ലക്ഷം രൂപ വരെയാണ് സബ് കോടതി അനുവദിച്ചത്. എന്നാൽ പ്രദേശത്ത് ഒരു ആറിന് 12 ലക്ഷം രൂപ വരെ വിലയുണ്ടെന്ന് ഉടമകൾ വാദിച്ചു. ഇൻഫോപാർക്ക് അടക്കം വാണിജ്യ മേഖലയോട് ചേർന്ന് കിടക്കുന്ന പ്രദേശമാണ് ബ്രഹ്മപുരമെന്ന് ഡിവിഷൻ ബെഞ്ച് വിലയിരുത്തി. ഭൂമിക്കു ഉയർന്ന തുകയാണ് അനുവദിച്ചതെന്ന സർക്കാർ വാദം കോടതി തള്ളി.
ഭൂവുടമകൾക്ക് സബ് കോടതി വിധിച്ച മറ്റ് ആനുകൂല്യങ്ങളും നഷ്ടപരിഹാരത്തുകയിൽ നിയമനുസൃതമായ പലിശയ്ക്കും അവകാശമുണ്ടെന്നും കോടതി പറഞ്ഞു. ഭൂവുടമകളിൽ നിന്ന് എഴുപതിലധികം അപ്പീലുകൾ ഉണ്ടായിരുന്നു. അതേസമയം അപ്പീൽ 1000 ദിവസത്തിലധികം വൈകിച്ചവർക്ക് അക്കാലയളവിലെ പലിശയ്ക്ക് അർഹതയുണ്ടാകില്ല. ഭൂവുടമകൾക്കായി അഡ്വ. വർഗീസ് കെ. പോൾ ഹാജരായി.