
കോതമംഗലം: കൊലക്കേസ് പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു.കറുകടം താണിക്കത്തടം ചാലിൽ പുത്തൻപുരയിൽ (കല്ലിങ്ങപറമ്പിൽ) ദിലീപ് (43) നെയാണ് വിയ്യൂർ സെൻട്രൽ ജയിലിലടച്ചത്. റൂറൽ ജില്ലാ ജില്ലാ പൊലീസ് മേധാവി ഡോ.വൈഭവ് സക്സേനയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷാണ് ഉത്തരവിട്ടത്. കോതമംഗലം, മൂവാറ്റുപുഴ പൊലീസ് സ്റ്റേഷൻ പരിധികളിൽ കൊലപാതകം, കൊലപാതകശ്രമം, കഠിന ദേഹോപദ്രവം, ഭീഷണിപ്പെടുത്തൽ തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണ് ദിലീപ്. 2021ൽ പുതുപ്പാടി സ്‌കൂൾപ്പടി ഭാഗത്ത് വച്ച് പ്രിൻസ് എന്നയാളെ കൊലപ്പെടുത്തിയ കേസിൽ ഒന്നാം പ്രതിയാണ്. ജാമ്യത്തിലിറങ്ങി തുടർന്നും കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട പ്രതിയെ 2023 ഫെബ്രുവരി മുതൽ ഒരു വർഷത്തേക്ക് കാപ്പ ചുമത്തി നാട് കടത്തിയിരുന്നു. കാലാവധിക്ക് ശേഷം നാട്ടിൽ പ്രവേശിച്ച് കഴിഞ്ഞ ഓഗസ്റ്റിൽ മൂവാറ്റുപുഴ പൊലീസ് രജിസ്റ്റർ ചെയ്ത വധശ്രമക്കേസിൽ ഉൾപ്പെട്ടതിനെ തുടർന്നാണ് നടപടി.