
കോതമംഗലം: പതിവ് ഇക്കുറിയും തെറ്റിച്ചില്ല. ആതിഥേയർ കോതമംഗലം. കിരീടപ്പോരിൽമുന്നിലും കോതമംഗലം ! 21മത് ജില്ലാ സ്കൂൾ കായികമേളയുടെ ആദ്യദിനം മെഡൽവേട്ടയുമായി കോതമംഗലം ഉപജില്ലാ കുതിപ്പ് തുടങ്ങി. കോതമംഗലം എം.എ കോളേജ് ഗ്രൗണ്ടിൽ തുടങ്ങിയ മീറ്റിൽ 31 ഫൈനലുകൾ പൂർത്തിയായപ്പോൾ 14 സ്വർണവും 15 വെള്ളിയും എട്ട് വെങ്കലവുമടക്കം 122 പോയിന്റാണ് കോതമംഗലത്തിന്റെ സമ്പാദ്യം. 6 സ്വർണവും 2 വെള്ളിയും5 വെങ്കലവുമായി 41 പോയിന്റോടെ അങ്കമാലിയാണ് തൊട്ടു പിന്നിൽ. മൂന്ന് വീതം സ്വർണവും വെള്ളിയും, ഒരു വെങ്കലവുമായി മൂന്നാം സ്ഥാനത്തുള്ള പെരുമ്പാവൂരിന്റെ അക്കൗണ്ടിൽ 25 പോയിന്റുണ്ട്. കല്ലൂർക്കാട്, പിറവം, മൂവാറ്റുപുഴ, കോലഞ്ചേരി, നോർത്ത് പറവൂർ ഉപജില്ലകൾ ഒഴികെയുള്ള ടീമുകൾ ആദ്യദിനം സ്വർണപട്ടികയിൽ ഇടം നേടി. ഉപജില്ലയുടെ പകുതിയിലേറെ പോയിന്റുകളും മാർബേസിലിന്റെ സംഭാവനയാണ്.കോതമംഗലം കീരമ്പാറ സെന്റ് സ്റ്റീഫൻസ് എച്ച്.എസ്.എസാണ് മൂന്നാമത്, ആദ്യദിനം ജൂനിയർ ബോയ്സ് ഷോട്ട്പുട്ടിൽ അങ്കമാലി മൂക്കന്നൂർ സേക്രഡ് ഹാർട്ട് ഓർഫനേജ് എച്ച്.എസ്.എസിലെ ജീവൻ ഷാജു മീറ്റ് റെക്കാഡ് പ്രകടനം നടത്തി. 14.23 ദൂരം എറിഞ്ഞിട്ടാണ് 15 വർഷം പഴക്കമുള്ള റെക്കാഡ് തിരുത്തിയത്. സീനിയർ ബോയ്സ് 100 മീറ്ററിൽ സ്വർണം നേടിയ അൻസാഫ് കെ. അഷ്റഫും (11.0) ജൂനിയർ ഗേൾസിൽ സ്വർണം നേടിയ അദബിയ ഫർഹാനും (12.8) മീറ്റിലെ വേഗമേറിയ താരങ്ങളായി. ജൂനിയർ ബോയ്സിൽ മൂക്കന്നൂർ സേക്രഡ് ഹേർട്ട് ഓർഫനേജ് എച്ച്.എസ്.എസിലെ ജെസ്വിൻ ജോയ് (3000,800), ഗേൾസിൽ കീരമ്പാറ സെന്റ് സ്റ്റീഫൻസിലെ അദബിയ ഫർഹാൻ (100, ലോങ്ജമ്പ്), സീനിയർ ഗേൾസിൽ മാർബേസിലിന്റെ നിത്യ സി.ആർ. (3000,800) എന്നിവർ ഇരട്ട സ്വർണം നേടി. കായികമേള ആന്റണി ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു.
ഒറ്റച്ചാട്ടത്തിൽ സങ്കടം
പമ്പകടത്തി അഗ്നിവേശ്
കോതമംഗലം: കഴിഞ്ഞവർഷം രണ്ടാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടതിന്റെ സങ്കടം ഇക്കുറി ഒറ്റച്ചാട്ടത്തിൽ മറികടന്നതിന്റെ സന്തോഷത്തിലാണ് തൃക്കാക്കര ഇ.എം.ജെ. എച്ച്.എസ് സ്കൂളിലെ മിന്നുംതാരം പി.ജെ. അഗ്നിവേശ്. സബ് ജൂനിയർ ആൺകുട്ടികളുടെ ലോംഗ് ജമ്പിലാണ് എട്ടാം ക്ലാസുകാരൻ 5.2 മീറ്റർ മെഡൽ ദൂരം കീഴടക്കിയത്.
ഏഴാം ക്ലാസിൽ പഠിക്കെയാണ് അഗ്നിവേശ് കായികരംഗത്തേയ്ക്ക് തിരിയുന്നത്. നിമിത്തമായത് സ്കൂളിലെ കായികാദ്ധ്യാപകൻ ഹരികൃഷ്ണൻ. ഓട്ടത്തിലായിരുന്നു തുടക്കം. ഹരിയുടെ നിർദ്ദേശപ്രകാരം ലോംഗ് ജമ്പിൽ ഒരുകൈനോക്കി. ചാട്ടം പിഴച്ചില്ല. അതേവർഷം ജില്ലയിൽ രണ്ടാമതായി. മെഡൽ നേടണമെന്ന് ഉറപ്പിച്ചായി പിന്നീട് പരിശീലനം. ലോംഗ് ജമ്പിൽ ആധിപത്യം നേടിയിരുന്ന സ്കൂളുകളെ പിന്നിലാക്കിയാണ് നേട്ടം. 100 മീറ്ററിൽ മത്സരിച്ചെങ്കിലും ഹീറ്റ്സ് കടക്കാനായില്ല. പരേതനായ മുൻ പൊലീസ് ഉദ്യോഗസ്ഥൻ പി.കെ. ജയിൻ - വിദ്യ എന്നിവരാണ് മാതാപിതാക്കൾ. സഹോദരൻ അദ്വൈദ്.
കൊല്ലം...ആലപ്പുഴ,
ഇനി എറണാകുളം !
കോതമംഗലം: ആദ്യ ചാട്ടം കൊല്ലത്തിന്. പിന്നെ ആലപ്പുഴയ്ക്ക്. ഇനി എറണാകുളത്തിന് ! കൊല്ലം ഓച്ചിറ സ്വദേശിയും കോതമംഗലം മാർബേസിൽ എച്ച്.എസ്.എസിലെ പ്ലസ് വൺ വിദ്യാർത്ഥിയുമായ ജെ. ജെറിന്റെ 'ചാട്ടക്കഥയ്ക്ക്' മൂന്ന് ജില്ലകളുമായി ബന്ധമുണ്ട്!. പോയ രണ്ട് സംസ്ഥാന സ്കൂൾ കായിക മേളയിലും ജെറിൻ കൊല്ലത്തിനും ആലപ്പുഴയ്ക്കുമായാണ് ഇറങ്ങിയത്. ജില്ലാ കായിക മേളയിൽ സീനിയർ ആൺകുട്ടികളുടെ ഹൈജമ്പിൽ സ്വർണം നേടിയതോടെ ഇക്കുറി എറണാകുളത്തിനായി തലയെടുപ്പോടെ ഇറങ്ങാൻ ജെറിന് വഴിതുറക്കുകയായിരുന്നു. 1.75 മറികടന്നാണ് ജെറി സ്വർണം ചൂടിയത്. കൊല്ലം ക്ലാപ്പന എസ്.വി എച്ച്.എസ്.എസിനായാണ് ജെറിൻ ആദ്യമായി മത്സരിക്കുന്നത്. ജില്ലയിൽ ഒന്നാമനായി. സംസ്ഥാന കായിക മേളയിൽ ഭാഗമായി. പ്ലസ് വണ്ണിന് അഡ്മിഷൻ കിട്ടിയത് ആലപ്പുഴ വലിയഴീക്കൽ ഗവ. എച്ച്.എസ്.എസിൽ . ആലപ്പുഴയിലും ഹൈജമ്പിൽ സ്വർണം കൊയ്തു. കുന്നംകുളം സംസ്ഥാന സ്കൂൾ കായികമേളയിൽ ആലപ്പുഴയ്ക്കായി ഇറങ്ങിയെങ്കിലും വിജയം കീഴടക്കാനായില്ല. പ്ലസ് വൺ പാതിയിൽ വച്ച് സ്കൂൾ മാറി മാർബേസിലിലെത്തി. സംസ്ഥാന സ്കൂൾ കായികമേളയിൽ സ്വർണമാണ് ലക്ഷ്യം. ഓച്ചിറ സാന്ദ്വനഗ്രാമം വീട്ടിൽ ജോൺ- റീന എന്നിവരാണ് മാതാപിതാക്കൾ. സഹോദരി റിയ.
ഷേഹയെ വെല്ലാൻ ആളില്ല ...
കോതമംഗലം: ഇക്കുറിയും ജൂനിയർ പെൺകുട്ടികളുടെ ഹൈ ജമ്പിൽ ഷേഹ ഫാത്തിമിനെ വെല്ലാൻ ആരുമുണ്ടായില്ല. എതിരാളികൾക്ക് മറികടക്കാൻ ഒരു അവസരവും നൽകാതെയാണ് സ്വർണത്തിലേക്കുള്ള ഉയരം കാഞ്ഞൂർ സെന്റെ ജോസഫ്സ് സി.ജി.എച്ച് എസിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനി ചാടിക്കടന്നത്. സ്കൂളിലെ കായികാദ്ധ്യാപിക സിജിയുടെ കീഴിലാണ് ഷേനയുടെ പരിശീലനം. കാഞ്ഞൂർ കൂവക്കാട്ടിൽ ഫൈസൽ - ഫൗസിയ ദമ്പതികളുടെ മകളാണ്.4 സഹോദരങ്ങളുണ്ട്.