accident
മഴക്കൊപ്പമെത്തിയ ശക്തമായ കാറ്റിൽ ടാക്‌സി കാറിന് മുകളിലേക്ക് തണൽ മരത്തിന്റെ ശിഖരം ഒടിഞ്ഞുവീണത് ഫയർഫോഴ്സ് വെട്ടിമാറ്രുന്നു

മൂവാറ്റുപുഴ: മഴക്കൊപ്പമെത്തിയ ശക്തമായ കാറ്റിൽ ടാക്‌സി കാറിന് മുകളിലേക്ക് തണൽ മരത്തിന്റെ ശിഖരം ഒടിഞ്ഞുവീണു. വാഹനത്തിനുള്ളിലുണ്ടായിരുന്ന ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ പുലർച്ചെ ആറരയോടെ മൂവാറ്റുപുഴ നെഹ്‌റു പാർക്കിന് സമീപമുള്ള ടാക്‌സി സ്റ്റാഡിൽ പാർക്ക് ചെയ്തിരുന്ന ആരക്കുഴ പെരുമ്പല്ലൂർ പൂവൻ മേരി സണ്ണിയുടെ ഉടമസ്ഥതയിലുള്ള വാഹനത്തിന് മുകളിലേക്കാണ് തണൽമരത്തിന്റെ ശിഖരം ഒടിഞ്ഞുവീണത്. വാഹനത്തിനുള്ളിൽ ഉണ്ടായിരുന്ന ഇവരുടെ ഭർത്താവ് സണ്ണിയാണ് രക്ഷപ്പെട്ടത്. വാഹനത്തിന് സാരമായ കേടുപാടുകൾ സംഭവിച്ചു. സംഭവത്തെ തുടർന്ന് റോഡിൽ ഗതാഗതം തടസപ്പെട്ടു. മൂവാറ്റുപുഴ ഫയർഫോഴ്‌സെത്തി മരത്തിന്റെ ശിഖരം നീക്കം ചെയ്ത് ഗതാഗതം പുനഃസ്ഥാപിച്ചു. മൂവാറ്റുപുഴ സീനിയർ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ അനീഷ് കുമാർ, ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർമാരായ അർജുൻ, റിയാസ്, സരിത്, ഷിബു പി ജോസഫ്, ശിവപ്രസാദ്, അഭിനന്ദ്, ഹോം ഗാർഡുമാരായ ഷിഹാബ്, ടോമി, ഗോപിനാഥൻ എന്നിവരാണ് മരത്തിന്റെ ശിഖരം നീക്കം ചെയ്തത്.