കൊച്ചി: എറണാകുളം അതിരൂപതയിലെ പുതിയ ഭരണസമിതി (കൂരിയാ) അംഗങ്ങളെ നിയമിച്ചതിനെതിരെ വൈദികകൂട്ടായ്‌മയായ അതിരൂപതാ സംരക്ഷണസമിതി അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർക്ക് പരാതി നൽകി.

നിയമനങ്ങൾ അസാധുവാക്കണമെന്ന് മോൺസിഞ്ഞോർ വർഗീസ് ഞാളിയത്ത് നൽകിയ പരാതിയിൽ ആവശ്യപ്പെട്ടു. ചാൻസലറായി നിയമിതനായിരിക്കുന്ന ഫാ. ജോഷി പുതുവയെ 2017ലെ സ്ഥലമിടപാട് കേസുകളിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തി ഔദ്യോഗിക സ്ഥാനങ്ങളിൽ നിന്ന് നീക്കിയതാണ്.
ഫാ. സൈമൺ പള്ളുപേട്ടയ്ക്ക് കാനോനിക നിയമം 262 പ്രകാരം ഫിനാൻസ് ഓഫീസറാകാൻ യോഗ്യതയില്ല. വികാരി ജനറൽ ഫാ. ജേക്കബ് പാലയ്ക്കാപ്പിള്ളിക്ക് കാനോനിക നിയമം 247 പ്രകാരം സഭാശാസ്ത്രത്തിൽ ഉന്നതബിരുദമില്ല.
സിനഡ് കുർബാന അടിച്ചേൽപ്പിക്കാനാണ് അപ്പസ്തോലിക് അഡ്മിനിസ്‌ട്രേറ്റർ ബിഷപ്പ് ബോസ്‌കോ പുത്തൂർ ശ്രമിക്കുന്നത്. അധാർമ്മികയ്‌ക്കും ബിഷപ്പുമാരുടെ ധാർഷ്ട്യത്തിനുമെതിരെയാണ് വൈദികർ പോരാടുന്നതെന്ന് സംരക്ഷണ സമിതി കൺവീനർ ഫാ. സെബാസ്റ്റ്യൻ തളിയൻ പറഞ്ഞു.

തള്ളിപ്പറയണമെന്ന്

കുർബാന പ്രതിസന്ധി പരിഹരിക്കാനെന്ന പേരിൽ തലശേരി ആർച്ച് ബിഷപ്പ് നടത്തിയ ചർച്ചയെ സിനഡ് തള്ളിപ്പറയണമെന്ന് മാർതോമ നസ്രാണിസംഘം ആവശ്യപ്പെട്ടു. മേജർ ആർച്ച് ബിഷപ്പ് കുർബാന വിഷയത്തിൽ നിലപാട് വ്യക്തമാക്കണമെന്നും സംഘം ആവശ്യപ്പെട്ടു. യോഗത്തിൽ റെജി ഇളമത, സേവ്യർ മാടവന, ചെറിയാൻ കവലയ്ക്കൽ, ജോമോൻ ആരക്കുഴ, ടെൻസൺ പുളിക്കൽ തുടങ്ങിയവർ പങ്കെടുത്തു.