കൊച്ചി: എൻജിൻ അമിതമായി ചൂടുപിടിച്ചതിനെ തുടർന്ന് റോറോ സർവീസ് വൈപ്പിൻ-ഫോർട്ട്കൊച്ചി റൂട്ടിൽ പാതിവഴിയിൽ നിറുത്തി. റോറോയുടെ രണ്ട് എൻജിനിലും പായൽ കയറിയതാണ് വിനയായത്. അരമണിക്കൂറെടുത്ത് പ്രശ്നങ്ങൾ പരിഹരിച്ച് കരയ്ക്കെത്തിച്ചു. എൻജിനിൽ കയറുന്ന പായൽ അടക്കമുള്ള മാലിന്യങ്ങൾ നീക്കിയാണ് റോറോ സർവീസ് നടത്താറുള്ളതെന്ന് കെ.എസി.ഐ.എൻ.സി അധികൃതർ പറഞ്ഞു. എന്നാൽ ഇത് ഇന്നത്തെ സ‌ർവീസിനിടയിൽ കയറുകയായിരുന്നു.

വൈകിട്ട് അഞ്ചോടെയാണ് സംംഭവം. ഓഫീസ് സമയമായതിനാൽ നിരവധി ആളുകൾ റോറോയിലുണ്ടായിരുന്നു. രണ്ട് റോറോകളിലുമായി ശരാശരി 5000 യാത്രക്കാരാണ് യാത്ര ചെയ്യുന്നത്. ഒരു ദിവസം 65-70 ട്രിപ്പ് വരെ നടത്താറുണ്ട്. ഇതിലൊന്ന് സർവീസ് നിറുത്തിയാൽ വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കും.

ഇന്നുമുതൽ ഒരു റോറോ ഇല്ല

പായൽ കയറി രണ്ട് എൻജിനും ചൂടായതോടെ ഇന്നുമുതൽ ഒരു അറിയിപ്പുണ്ടാകുന്നതുവരെ രണ്ടാഴ്ചത്തേയ്ക്ക് ഈ റോറോ സർവീസ് നടത്തില്ലെന്ന് കെ.എസ്.ഐ.എൻ.സി അധികൃതർ അറിയിച്ചു. എൻജിനിൽ അറ്റകുറ്റപ്പണികൾ നടത്തേണ്ടതുണ്ട്. ചിലപ്പോൾ വിദേശത്തു നിന്ന് റോറോയുടെ എൻജിൻ സാമഗ്രികൾ ഇറക്കേണ്ടിവരും.