കൊച്ചി: അലൻ വാക്കർ സംഗീത നിശയ്‌ക്കിടെ മൊബൈൽ ഫോണുകൾ കവർന്നതുമായി ബന്ധപ്പെട്ട് മുംബയ് സെൻട്രൽ മാളിലെ പ്രമുഖ മൊബൈൽ ഷോപ്പ് പൊലീസ് റെയ്ഡ് ചെയ്തു. കൊച്ചിയിൽ നിന്ന് നഷ്ടപ്പെട്ട ഐ ഫോണിൽ ഒന്ന് ഈ കടയിൽ ഓണായിരുന്നു. മുംബയ് പൊലീസാണ് റെയ്ഡ് നടത്തിയത്.
മുംബയ് കവർച്ചാ സംഘം തട്ടിയെടുക്കുന്ന ഫോണുകൾ ഇവിടെ എത്തിച്ചാണ് വിൽക്കുന്നതെന്ന വിവരത്തെ തുടർന്നാണിത്. ഷോപ്പിൽ നിന്ന് മൊബൈലുകൾ ലഭിച്ചോ എന്ന് പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. മുംബയ് സംഘത്തിൽ പിടിയിലായ താനെ സ്വദേശി സണ്ണി ഭോല യാദവ് (28), യു.പി രാംപൂർ ഖുഷിനഗർ സ്വദേശി ശ്യാം ബരൺവാൾ (32) എന്നിവരുമായി അന്വേഷണസംഘം നാളെ കൊച്ചിയിലെത്തും. ഇവരെയും കോടതിയിൽ ഹാജരാക്കി കസ്‌റ്റഡിയിൽ വാങ്ങും.
ഡൽഹി സംഘത്തിൽ അറസ്‌റ്റിലായ ഡൽഹി സ്വദേശികളായ വാസിം അഹമ്മദ് (32), അത്തിഖ് ഉർ റഹ്മാൻ (38) എന്നിവർ റിമാൻഡിലാണ്. ഇവരെ കസ്‌റ്റഡിയിൽ ലഭിക്കാൻ അപേക്ഷ നൽകും.
ഡൽഹി, മുംബയ് മോഷണസംഘങ്ങൾ തമ്മിൽ ബന്ധമുണ്ടോയെന്ന് പരിശോധിക്കാൻ അറസ്‌റ്റിലായ നാലുപേരെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും. കേസിൽ നാലുപേർ കൂടി പിടിയിലാകാനുണ്ട്. ഇവരെ തിരിച്ചറിഞ്ഞിട്ടുണ്ട്.
മോഷ്‌ടിക്കപ്പെട്ട 39 മൊബൈൽ ഫോണുകളിൽ 23 എണ്ണം പൊലീസ് വീണ്ടെടുത്തു. കൊച്ചി സിറ്റി പൊലിസ് കമ്മിഷണർ പുട്ട വിമലാദിത്യ മുംബയ്, ഡൽഹി കമ്മിഷണർമാരുമായി നേരിട്ട് ആശയവിനിമയം നടത്തിയാണ് അന്വേഷണത്തിന് വേഗം കൂട്ടിയത്.