കൊച്ചി: എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷന് സമീപം കരിത്തല റോഡിലെ സ്വകാര്യ ഹോട്ടൽ കേന്ദ്രീകരിച്ച് പെൺവാണിഭം നടത്തി വന്നിരുന്ന മൂന്നംഗ സംഘം പിടിയിലായി. കേന്ദ്രം നടത്തിപ്പുകാരായ കൊല്ലം സ്വദേശിനി രശ്മി (46), ആലപ്പുഴ ചന്ദനക്കാവ് സ്വദേശി വിമൽ (35), ഹോട്ടൽ നടത്തിപ്പുകാരൻ എറണാകുളം മുണ്ടംവേലി സ്വദേശി മാർട്ടിൻ (60) എന്നിവരെയാണ് കടവന്ത്ര പൊലീസ് അറസ്റ്റ് ചെയ്തത്. രശ്മിയും വിമലും ബന്ധുക്കളാണ്.

ഒരു മാസമായി ഹോട്ടലിൽ രണ്ട് മുറികൾ പ്രതികൾ വാടകയ്ക്ക് എടുത്തിരുന്നു. ഇടപാടുകൾ എത്തുമ്പോൾ പെൺകുട്ടികളെ ടാക്സിയിലെത്തിക്കും. 1500 രൂപ വീതമാണ് ഇടപാടുകാരിൽ നിന്ന് ഈടാക്കിയിരുന്നത്. ഓൺലൈൻ വഴിയായിരുന്നു പണമിടപാട്.

പ്രതികളുടെ കൈവശം ഇടപാടുകാരുടെ പേരും ഫോൺ നമ്പറും എഴുതിയ വലിയ രജിസ്റ്റർ സൂക്ഷിച്ചിരുന്നു. വിദ്യാർത്ഥികളടക്കം ലിസ്റ്രിലുണ്ട്.

ബ്ലാക്ക്മെയിൽ ചെയ്താണോ ഇവ‌ർ പെൺകുട്ടികളെ കെണിയിൽ വീഴ്‌ത്തുന്നതെന്ന് പൊലീസ് അന്വേഷിക്കും. കടവന്ത്ര സി.ഐ പി.എം. രതീഷിന്റെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.