ar

കോലഞ്ചേരി: മൂന്ന് മാസം കൊണ്ട് പത്ത് രാജ്യങ്ങൾ പിന്നിട്ട് തഥാഗതന്റെ സൈക്കിളിലുള്ള ലോകസഞ്ചാരം തുടരുന്നു. യൂറോപ്യൻ രാജ്യങ്ങളിൽ സൈക്കിൾ സഞ്ചാരിക്ക് അപ്രതീക്ഷിതമായ സ്വീകരണം ലഭിച്ച ത്രില്ലിലാണ് ആദ്യഘട്ടം പൂർത്തിയാക്കുന്നത്. രണ്ടുലക്ഷം രൂപയ്ക്ക് യു.എസിൽ നിന്ന് ഇറക്കുമതി ചെയ്ത സർളി സൈക്കിളിലാണ് കറക്കം.

വിശ്വസിക്കാനാവാത്ത യാത്രയെന്നാണ് അരുൺ തന്റെ പ്രയാണത്തെ വിശേഷിപ്പിക്കുന്നത്. അവരെല്ലാവരും സെലിബ്രി​റ്റിയെപ്പോലെ ഓടി വന്ന് ഫോട്ടോ എടുക്കുന്നു. ചിലർ പണം നൽകുന്നു. കുടിക്കാനുള്ള വെള്ളം, പഴങ്ങൾ പഴച്ചാറുകൾ, ആഹാരവും നൽകുന്നു. ഒരു ഇന്ത്യാക്കാരന് ലഭിക്കാവുന്ന പരമാവധി ആദരം ലഭിച്ചെന്നാണ് അരുണിന്റെ പക്ഷം.

പാറേക്കാട്ടിൽ നാരായണന്റെയും തങ്കമണിയുടെയും മകനാണ് ഏകാന്ത ജീവിതം നയിക്കുന്ന അരുൺ. എറണാകുളം കളക്ടറേ​റ്റിൽ സീനിയർ ക്ലാർക്കാണ്. സൈക്കോളജിയിൽ ബിരുദാനന്തര ബിരുദധാരി. 20 വർഷത്തെ സർവീസിനിടെ സൈക്കിൾ യാത്രകൾക്കായി അഞ്ചര വർഷം ലീവെടുത്തു. തെക്ക് കിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലൂടെ 2019- 20ലായിരുന്നു ആദ്യയാത്ര. പരിസ്ഥിതിസൗഹൃദ ഗൃഹനിർമ്മാണമാണ് മറ്റൊരു ഇഷ്ടമേഖല. ഒന്നരലക്ഷം രൂപ ചെലവിൽ 10 ദിവസം കൊണ്ട് നിർമ്മിച്ച അരുണിന്റെ മൂന്നുനില മുളവീട് പ്രശസ്തമാണ്.

 ജൂൺ 26 ന് ആരംഭിച്ച പ്രയാണം

പാരീസിലെ ഒളിമ്പിക് വേദിയിൽ നിന്ന് ജൂലൈ 26 നാണ് അമ്പലമേട് സ്വദേശി അരുൺ തഥാഗതന്റെ (42) ലോകസഞ്ചാരം തുടങ്ങിയത്. യൂറോപ്പിലെ ടൂറിസ്റ്റ് നിയമമനുസരിച്ചുള്ള ഷെൻജൻ വിസയുടെ കാലാവധി 90 ദിവസമാണ്. ഈ സമയം കഴിഞ്ഞ് 90 ദിവസത്തിനു ശേഷമേ വീണ്ടും ഇവിടെ തിരികെ പ്രവേശിക്കാൻ അനുമതിയുള്ളൂ. ഇക്കാലയളവിൽ സെർബിയ വഴി ബുൾഗേറിയ അവിടെ നിന്ന് വിമാനമാർഗം ദുബായിലേയ്ക്ക് പോകും.

 ഇനി മൊറോക്കയിലേയ്ക്ക്

മൂന്നു മാസത്തെ കറക്കത്തിന് ശേഷം സ്കാന്റിനേവിയ, ബെൽജിയം വഴി പോർച്ചുഗൽ സ്പെയിൻ കടന്ന് ആഫ്രിക്കയിലെ മൊറോക്കയിലേയ്ക്ക് സൈക്കിളിൽ പോകാനാണ് പദ്ധതി. യൂറോപ്പിലെ അതിശൈത്യകാലം അവസാനിച്ച് വസന്തം തുടങ്ങുന്ന മാർച്ച് മാസമാകും ഇനി വീണ്ടും യൂറോപ്പിലെത്തുക. രണ്ട് വർഷം കൊണ്ട് 40 രാജ്യങ്ങൾ ചുറ്റിതീർക്കാനാണ് പദ്ധതി.

 ആദ്യ ഘട്ട യാത്ര

 ഫ്രാൻസ്

 സ്വിറ്റ് സർലന്റ്

ഓസ്ട്രിയ

ജർമ്മനി

ചെചിയെ

സ്ളോവാക്യ

ഹംഗറി

സ്ലോവേനിയ

 ക്രൊയേഷ്യ

ലുക്സംബർഗ്

''നമ്മളെ നിരന്തരം മാ​റ്റിമറിക്കുന്ന യാത്രകളാണ് ജീവിതം. അത്തരം അനുഭവങ്ങൾക്കുവേണ്ടിയാണ് ഏകാന്ത യാത്രകൾ''

അരുൺ തഥാഗത്