krishi
നെടുമ്പാശേരി ഗ്രാമപഞ്ചായത്തിലെ പൊയ്ക്കാട്ടുശേരി കതിരക്കുറ പാടശേഖരത്തിലെ വിത്ത് വിതക്കൽ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ടി.വി. പ്രദീഷ് ഉദ്ഘാടനം ചെയ്യുന്നു

നെടുമ്പാശേരി: നെടുമ്പാശേരി ഗ്രാമപഞ്ചായത്ത് 19 -ാം വാർഡിൽ മൂന്ന് പതിറ്റാണ്ടായി തരിശായി കിടക്കുന്ന 130 ഏക്കറോളം വരുന്ന പൊയ്ക്കാട്ടുശേരി കതിരക്കുറ പാടശേഖരം ഇനി കതിരണിയും. ഉത്സവാന്തരീക്ഷത്തിൽ പാടശേരത്തെ വിത്ത് വിതയ്ക്കൽ നടന്നു. ഗ്രാമ - ബ്ളോക്ക് പഞ്ചായത്തുകൾക്ക് പുറമെ കൃഷിഭവൻ, കതിരക്കുറ പാടശേഖര സമിതി എന്നിവയുടെ സഹായത്തോടെ കുട്ടനാട് ഹരിത നെൽകർഷക സംഘമാണ് കൃഷിയിറക്കുന്നത്. പഞ്ചായത്തിൽ തരിശായി കിടക്കുന്ന പാടശേഖരങ്ങൾ കൃഷിയോഗ്യമാക്കുകയെന്ന ലക്ഷ്യത്തോടെ ബ്ളോക്ക് പഞ്ചായത്തിന്റെ കൂടി സഹായത്തോടെയാണ് കൃഷിയിറക്കുന്നത്. ഹെക്ടറിന് 40,000 രൂപയാണ് പഞ്ചായത്ത് നൽകുന്നത്. ബ്ളോക്ക് പഞ്ചായത്ത് മൂന്ന് ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്.

പാടശേഖരങ്ങൾ കൃഷി യോഗ്യമാക്കുന്നതിലൂടെ പരിസരങ്ങളിലെ കിണറുകളിൽ കുടിവെള്ളം ലഭ്യത ഉറപ്പു വരുത്താനും കാർഷികമേഖല മെച്ചപ്പെടുത്താനും കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ടി.വി. പ്രദീഷ് വിത്ത് വിതയ്ക്കൽ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ എ.വി. സുനിൽ അദ്ധ്യക്ഷനായി. വാർഡ് മെമ്പർ ബീന ഷിബു, ഗ്രാമപഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ശോഭ ഭരതൻ, ബിജി സുരേഷ്, പി.വി. കുഞ്ഞ്, കെ.എ. വറിയത്, പി.ഡി. തോമസ്, അജിത അജയൻ, ജൂബി ബൈജു, അംബിക പ്രകാശ്, പി.സി. വർഗീസ്, ഫാ. ഗീവർഗീസ് പാറക്കൽ, വി.എ. ഡാനിയേൽ, പി.വി. തോമസ്, തോമസ്, വിജേഷ്, കൃഷി ഓഫീസർ എം.പി. ഉണ്ണിക്കൃഷ്ണൻ എന്നിവർ സംസാരിച്ചു.