ചോറ്റാനിക്കര: ഹരി:ശ്രീ പഠിപ്പിച്ച ഗുരുവിന് വന്ദനം എന്നു തുടങ്ങുന്ന ചിന്തുപാട്ട് പാടി അരങ്ങേറ്റം കുറിച്ചതിന്റെ സന്തോഷത്തിലാണ് 1870-ാം നമ്പർ പുളിക്കമ്യാലി ശാഖയിലെ ചിലമ്പൊലി വനിതാ ചിന്തുപാട്ട് സംഘം. കെ.ആർ. നാരായണൻ സ്മാരക തലയോലപ്പറമ്പ് യൂണിയന്റെ കീഴിലുള്ള പുളിക്കമ്യാലി ശാഖയിലെ 25 മുതൽ 65വയസുവരെയുള്ള സ്ത്രീകളുടെ ചിന്തുപാട്ട് സംഘത്തിന് ഇപ്പോൾ നിരവധി വേദികളുണ്ട്.
ക്ഷേത്രകലകളിൽപ്പെട്ട കലാരൂപമാണ് ചിന്തുപാട്ട്. ഭക്തിഗാനങ്ങളാണ് ചിന്തു പാട്ടിൽ. ചിന്തുടുക്കിൽക്കൊട്ടി പാടിയാണ് അവതരിപ്പിക്കുന്നത്. സാധാരണ ചിന്തുപാട്ട് പുരുഷന്മാരാണ് അവതരിപ്പിക്കാറുള്ളത്. തുപ്പുംപടി വെള്ളിയാഴ്ചകാവ് അമ്പലത്തിലെ ഉത്സവത്തോടനുബന്ധിച്ച് മരട് വേൽമുരുകാസംഘം അവതരിപ്പിച്ച ചിന്തുപാട്ടുകണ്ട് പ്രചോദനം ഉൾക്കൊണ്ടാണ് ധന്യ പുരുഷോത്തമനും വിഷ്ണുപ്രിയയും ചേർന്നു 15 പേർ അടങ്ങുന്ന ടീം രൂപീകരിച്ചത്. ശാഖാ സെക്രട്ടറി എം.എസ്. മണിയോട് ആശയം പങ്കുവച്ചപ്പോൾ 40വർഷമായി ചിന്ത് കലാരംഗത്ത് സജീവമായ മരട് സുഭാഷ് ആശാനുമായി ബന്ധപ്പെട്ടു. കഴിഞ്ഞ 9 മാസമായി ചിട്ടയായ പഠനമായിരുന്നു. എല്ലാ തിരക്കുകളും മാറ്റിവച്ച് വൈകിട്ട് 6 മുതൽ 8വരെ 15പേരും കൃത്യമായി ശാഖയിൽ എത്തും. സുഭാഷ് ആശാനും ശിഷ്യരായ മ നുവിജയനും അരുൺദേവും പരിശീലനത്തിന് നേതൃത്വം നൽകി. വിജയദശമി നാളിൽ ശാഖയിൽത്തന്നെ അരങ്ങേറ്റം കുറിച്ചു. അരങ്ങേറ്റം കുറിച്ചതിന്റെ വീഡിയോ വൈറലായപ്പോൾ ചിന്തുപാട്ട് സംഘം ഏറെ പ്രസിദ്ധരായി.
നിരവധി വേദികളും ഇവരെ തേടിയെത്തി. നിരവധി ക്ഷേത്രങ്ങളിൽ ബുക്കിംഗ് ആയിട്ടുണ്ട്. ഒന്നരമണിക്കൂറാണ് പരിപാടി.