
കോലഞ്ചേരി: വീട്ടിൽ നിന്ന് കളിക്കാനായി പുറത്തേക്കിറങ്ങിയ രണ്ടു വയസുകാരൻ അബദ്ധത്തിൽ കിണറ്റിൽ വീണു. കുട്ടിയെ രക്ഷിക്കാനിറങ്ങിയ മൂന്നു പേരുൾപ്പെടെ കിണറ്റിൽ കുടുങ്ങിയതോടെ പട്ടിമറ്റം ഫയർഫോഴ്സ് രക്ഷകരായി. കരിമുഗൾ ബ്രഹ്മപുരം പാറയിൽ എൽദോസിന്റെ രണ്ടുവയസുകാരനായ ആദമാണ് ഇന്നലെ രാവിലെ 9 മണിയോടെ കിണറ്റിൽ വീണത്. കുട്ടി വീണതറിഞ്ഞ് രക്ഷിക്കാനിറങ്ങിയ എബിൻ കുര്യാക്കോ, സലീം, ബിജു എന്നിവരാണ് കുടുങ്ങിയത്. ഉയർന്ന ഭാഗത്ത് നിൽക്കുന്ന വീടിന്റെ താഴെയാണ് കിണർ. കുട്ടി ഇറങ്ങി പോയത് വീട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നില്ല. കിണറിനു മുകളിലിട്ടിരുന്ന നെറ്റിൽ കയറിയതോടെ കുട്ടി താഴേയ്ക്ക് പതിച്ചു. സംഭവം കണ്ടു നിന്ന എബിൻ തൊട്ടു പിന്നാലെ കിണറ്റിലിറങ്ങി കുട്ടിയെ എടുത്തുയർത്തി നിന്നു. 30 അടിയിലേറെ താഴ്ചയുള്ള കിണറിൽ നിലയില്ലാത്തതിനാൽ നാട്ടുകാർ ഇട്ടു നൽകിയ കയറിൽ പിടിച്ച് നിന്ന ഇവരെ കയറ്റാനാണ് മറ്റ് രണ്ടു പേർ ഇറങ്ങിയത്. എന്നാൽ മൂവർക്കും കയറാൻ പറ്റാതെ വന്നതോടെ ഫയർഫോഴ്സിന്റെ സഹായം തേടി. സ്റ്റേഷൻ ഓഫീസർ എൻ.എച്ച്. അസൈനാരുടെ നേതൃത്വത്തിൽ സ്ഥലത്തെത്തിയ സംഘം വലയും റോപ്പും ഉപയോഗിച്ച് ഇവരെ കരയ്ക്ക് കയറ്റി. ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർമാരായ സതീഷ് ചന്ദ്രൻ, കെ.എം. ബിബി, വിജിത് കുമാർ, എസ്. വിഷ്ണു, ഹോം ഗാർഡ് കെ.ജെ. ജേക്കബ്, ഷിജു സോമൻ, കെ.സുനിൽ കുമാർ എന്നിവർ ചേർന്നാണ് രക്ഷാ പ്രവർത്തനം നടത്തിയത്. കുട്ടിക്ക് കാര്യമായ പരിക്കില്ല.