കൊച്ചി: വിദേശത്ത് തൊഴിലിനായി വിസ വാഗ്ദാനംനൽകി പണംവാങ്ങി വഞ്ചിച്ചെന്ന കേസിൽ പരാതിക്കാരന് മുടക്കിയപണം തിരികെയും അരലക്ഷംരൂപ നഷ്ടപരിഹാരവും പതിനായിരംരൂപ കോടതിച്ചെലവായും നൽകണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ ഉത്തരവിട്ടു.

ഇടപ്പള്ളിയിലെ ഭുവനേശ്വരി ഇൻഫോടെക് ആൻഡ് മാൻപവർ സൊലൂഷൻസ്, മാനേജിംഗ് ഡയറക്ടർ കെ.വി. പ്രദീപ്കുമാർ എന്നിവർക്കെതിരെ ഏലൂർ സ്വദേശി വിനുരാജ് വി.എസ് നൽകിയ പരാതിയിലാണ് ഉത്തരവ്.

മാൾട്ടയിൽ ജോലിയും വിസയും നൽകാൻ 2,04,000രൂപ പരാതിക്കാരനിൽനിന്ന് വാങ്ങിയിരുന്നു. വിസ നൽകാതെ സേവനത്തിൽ വീഴ്ചവരുത്തിയത് ചൂണ്ടിക്കാട്ടിയാണ് ഉപഭോക്തൃ കമ്മിഷനെ സമീപിച്ചത്. ഡി.ബി. ബിനു പ്രസിഡന്റും വി. രാമചന്ദ്രൻ, ടി.എൻ. ശ്രീവിദ്യ എന്നിവർ അംഗങ്ങളുമായ കമ്മിഷനാണ് ഉത്തരവിട്ടത്. സേവനത്തിലെ വീഴ്ചയും നീതിയുക്തമല്ലാത്ത വ്യാപാരസമ്പ്രദായവും എതിർകക്ഷികൾ നടത്തിയെന്ന് കണ്ടെത്തിയാണ് വിധി പുറപ്പെടുവിച്ചത്. 45 ദിവസത്തിനകം ഉത്തരവ് പാലിച്ചില്ലെങ്കിൽ എതിർകക്ഷികളിൽനിന്ന് പരാതി നൽകിയ തീയതിമുതൽ ഉത്തരവ് പാലിക്കുന്ന തീയതിവരെ ഒമ്പതുശതമാനം പലിശ ഈടാക്കാനും ഉത്തരവിലുണ്ട്. അഭിഭാഷകരായ രമ പി.വി, എം.വി. രതീഷ് എന്നിവർ പരാതിക്കാരനുവേണ്ടി ഹാജരായി.