van
ജലജീവൻ പദ്ധതിക്ക് വേണ്ടി പൈപ്പ് സ്ഥാപിച്ച കുഴിയിൽ സ്‌കൂൾ വാൻ താഴ്ന്ന നിലയിൽ

കോലഞ്ചേരി: ജലജീവൻ പദ്ധതിക്ക് വേണ്ടി പൈപ്പ് സ്ഥാപിച്ച കുഴിയിൽ സ്‌കൂൾ കുട്ടികളുമായി പോയ വാഹനം താഴ്ന്നു. കുട്ടികളെ പരിക്കേൽക്കാതെ രക്ഷപ്പെടുത്തി. കടയിരുപ്പ് അതിയിറമ്പ് റോഡിൽ പാപ്പാരിൽ പീടികയ്ക്ക് സമീപം മ​റ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെയാണ് സ്കൂൾ വാൻ കുഴിയിൽ വീണത്. കടയിരുപ്പ് സെന്റ് പീ​റ്റേഴ്‌സ് സീനിയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥികളുമായി പോയ കോൺട്രാക്ട് വാഹനമാണ് അപകടത്തിൽപ്പെട്ടത്. ഒരു വശത്തെ ടയർ മണ്ണിലേയ്ക്ക് താഴ്ന്നതിനെ തുടർന്ന് വാഹനം ചരിഞ്ഞ് നിൽക്കുകയായിരുന്നു. സംഭവ സമയത്ത് ആയയും 15 കുട്ടികളും വാനിൽ ഉണ്ടായിരുന്നു. കുട്ടികളെ ഏറെ പ്രയാസപ്പെട്ടാണ് പുറത്തിറക്കിയത്. ക്രെയിൻ എത്തിച്ചാണ് വാഹനം ഉയർത്തിയത്. ജലജീവൻ പൈപ്പ് ലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട ജോലികൾ തികച്ചും അനാസ്ഥയാണെന്നും ലക്ഷങ്ങൾ മുടക്കി നിർമ്മിച്ച ബി.എം ബി.സി റോഡ് തകർന്നതായും ചൂണ്ടിക്കാട്ടി രണ്ടാഴ്ചയിലധികമായി നാട്ടുകാർ പ്രതിഷേധത്തിലാണ്. പൈപ്പ് സ്ഥാപിക്കുന്നതിന് വേണ്ടി കുഴിച്ച ഭാഗത്ത് മഴപെയ്തപ്പോൾ മണ്ണ് ഇരുന്ന് പോയതാണ് പ്രശ്‌നങ്ങൾക്ക് കാരണം. ശരിയായ രീതിയിൽ റോഡിന്റെ വശങ്ങൾ ബലപ്പെടുത്തണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.