sanu
മന്ത്രി കടന്നപള്ളി രാമചന്ദ്രൻ, കേരള സർക്കാരിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി പ്രൊഫ.കെ.വി. തോമസ്, സാമൂഹ്യ പ്രവർത്തകൻ സി.ജി. രാജഗോപാൽ എന്നിവർ ഇന്നലെ കാരിക്കാമുറി സന്ധ്യയിൽ എത്തി പ്രൊഫ. എം.കെ. സാനുവിനെ പൊന്നാട അണിയിച്ച് ആദരിച്ചപ്പോൾ

കൊച്ചി: അദ്ധ്യാപനവൃത്തിക്ക് മൗലികമായൊരു വ്യാഖ്യാനമെഴുതിയ ഗുരുനാഥനും കേരളത്തിന്റെ സാഹിത്യത്തറവാട്ടിലെ ഗുരു കാരണവരുമായ പ്രൊഫ. എം.കെ. സാനുവിന് ഇന്ന് 98-ാം ജന്മദിനം.

ശിഷ്യഗണങ്ങൾക്ക് ശ്രേഷ്ഠനായ അദ്ധ്യാപകൻ, അനുവാചക മനസുകളെ അനായാസം കീഴടക്കുന്ന സാഹിത്യകാരൻ, വസ്തുനിഷ്ഠ വിലയിരുത്തലുകളിലൂടെ സാഹിത്യസൃഷ്ടികളുടെ അകവും പുറവും അതിസൂക്ഷ്മമായി വിശകലനം ചെയ്യുന്ന നിരൂപകൻ, സ്വാതന്ത്ര്യം, സാഹോദര്യം തുടങ്ങിയ ജീവിതമൂല്യങ്ങളെക്കുറിച്ച് നിരന്തരം ഓർമ്മപ്പെടുത്തുന്ന പ്രവാചകതുല്യനായ ഗുരു, സാമൂഹ്യ പ്രതിബദ്ധതയുള്ള നിയമസഭാ സമാജികൻ എന്നീ നിലകളിൽ എം.കെ. സാനു മലയാളിക്ക് പ്രിയങ്കരനാണ്. സാഹിത്യം, കല, നാടകം, സോഷ്യലിസം, ജനാധിപത്യം, സാഹോദര്യം, സമഭാവന, നീതിശാസ്ത്രം, ദേശീയത, തത്വചിന്ത, പരിസ്ഥിതി തുടങ്ങി ജീവിതവുമായി ബന്ധപ്പെട്ട സകലതിനെക്കുറിച്ചും നിരന്തരമനനത്തിലൂടെ പരുവപ്പെടുത്തുന്ന മൗലികാശയങ്ങൾ എഴുത്തിലൂടെയും പ്രസംഗത്തിലൂടെയും അനുവാചകരിലേക്ക് സന്നിവേശിപ്പിക്കുന്നതിലെ മാസ്മരിക ശക്തിയാണ് അദ്ദേഹത്തെ എന്നും വ്യത്യസ്തനാക്കുന്നത്. അടുത്തറിയുന്നവർക്കു മാത്രമല്ല, കേട്ടറിയുന്നവർക്കും പ്രിയപ്പെട്ട സാനുമാഷ് ആയതിന്റെ രഹസ്യവും മറ്റൊന്നല്ല. പിന്നിട്ട 97 സംവത്സരങ്ങളിൽ പ്രസിദ്ധീകരിച്ച സാഹിത്യസൃഷ്ടികൾക്കപ്പുറം ഏറ്റെടുത്ത ചുമതലകളൊന്നും സ്വന്തം ഇച്ഛയ്ക്കനുസരിച്ചായിരുന്നില്ല. ആരാധകരുടെ, അനുയായികളുടെ നിർബന്ധത്തിന് വഴങ്ങി, അവനവനാത്മസുഖത്തിനായ് ആചരിക്കുന്നവ അപരന്നും സുഖത്തിനായ് വരണമെന്ന ശ്രീനാരായണ ഗുരുദേവ സന്ദേശത്തെ പിൻപറ്റി ഏറ്റെടുത്തവയായിരുന്നു. അതിനാകട്ടെ രാഷ്ട്രീയ, മത, ജാതി, വർഗ, വർണ, ഭാഷാഭേദങ്ങളൊന്നും ഉണ്ടായിരുന്നുമില്ല.

ഇന്റർമീഡിയറ്റ് പാസായപ്പോൾ സന്യസിക്കാൻ തീരുമാനിച്ച സാനുവിനെ ആദ്ധ്യാത്മികതയിൽനിന്ന് അദ്ധ്യാപനത്തിലേക്ക് വഴിതിരിച്ചുവിട്ടത് ആലപ്പുഴ സന്മാർഗദീപിക ഇംഗ്ലീഷ് മിഡിൽസ്കൂൾ ഹെഡ്മാസ്റ്റർ കെ.കെ. പത്മനാഭൻ നായരാണ്. അവിടെത്തുടങ്ങിയ അദ്ധ്യാപനജീവിതം 1983ൽ എറണാകുളം മഹാരാജാസ് കോളേജിൽ അവസാനിപ്പിക്കുമ്പോൾ സാഹിത്യ- സാമൂഹ്യ- സാംസ്കാരികരംഗത്ത് പ്രൊഫ. എം.കെ. സാനു എന്ന പേര് ഹിമശൈലം പോലെയായി.

സ്കൂളിലെ കൈയെഴുത്ത് മാഗസിനിൽ പ്രസിദ്ധീകരിച്ച ടോൾസ്റ്റോയിയുടെ ഇംഗ്ലീഷ് ചെറുകഥയുടെ പരിഭാഷ ''ഒരു മനുഷ്യന് എത്ര ഭൂമി വേണം'' മുതൽ ഇന്ന് പ്രകാശനം ചെയ്യുന്ന 'അന്തിമേഘങ്ങളിലെ വർണഭേദങ്ങൾ' വരെ 80ൽപ്പരം കൃതികളുടെ കർത്താവാണ് പ്രൊഫ.എം.കെ. സാനു. അതോടൊപ്പം, 'മഹാകവി ഉള്ളൂർ സാഹിത്യചരിത്രത്തിലെ ഭാസുര നക്ഷത്രം' എന്ന മറ്റൊരു ഗ്രന്ഥത്തിന്റെ രചനയിലും ജീവിതസായാഹ്നത്തിൽ അദ്ദേഹം പങ്കാളിയായിട്ടുണ്ട്.

1927 ഒക്ടോബർ 27ന് ആലപ്പുഴ തുമ്പോളി മംഗലത്ത് തറവാട്ടിൽ എം.സി. കേശവൻ - കെ.പി. ഭവാനി ദമ്പതികളുടെ മകനായാണ് സാനു ജനിച്ചത്. എറണാകുളം കാരിക്കാമുറിയിലെ 'സന്ധ്യ'യിലാണ് താമസം.