
കോതമംഗലം: "നീ മത്സരിക്കണം. സ്വർണ മെഡൽ നേടണം" ഉറ്റ സുഹൃത്തും ഹൈജമ്പ് താരവുമായ ലക്ഷ്മിനാഥ് സി.ആറിന്റെ വാക്ക് ജമ്പിംഗ് പിറ്റിൽ അതേപടി നടപ്പിലാക്കിയ അന്വയ കൃഷ്ണ വനിതാ വിഭാഗം ജൂനിയർ ഹൈജമ്പിൽ മിന്നും താരമായി. കൂട്ടുകാരിക്ക് ആത്മ വിശ്വാസം പകർന്ന ലക്ഷ്മി നാഥ് വനിതാ വിഭാഗം സീനിയർ ഹൈജമ്പിൽ സ്വർണം നിലനിറുത്തി. കൂട്ടുകാരികളുടെ സ്വർണനേട്ടം ചോറ്റാനിക്കര ഗവ. ജി.എച്ച്.എസ്. എസിന് അഭിമാനമായി. ഫുട്ബാൾ മുന്നേറ്റ താരമായ അന്വയ കഴിഞ്ഞവർഷം ഹൈജമ്പിൽ മത്സരിച്ചെങ്കിലും നാലാം സ്ഥാനമാണ് ലഭിച്ചത്. ഇവിടെ വച്ചാണ് അന്ന് മെഡൽ നേടിയ ലക്ഷ്മിയെ പരിചയപ്പെടുന്നത്. മാർ ബേസിൽ നിന്ന് ലക്ഷ്മി ചോറ്റാനിക്കരയിലേക്ക് മാറിയതോടെ ഇരുവരും വീണ്ടും കണ്ടുമുട്ടി. അന്വയ പ്ലസ് വൺ സയൻസിലും ലക്ഷ്മി പ്ലസ് വൺ കൊമേഴ്സിലും. ഉപജില്ലയിൽ ഒന്നാം സ്ഥാനത്ത് എത്തിയെങ്കിലും ജില്ലയിൽ മത്സരിക്കേണ്ടെന്ന് തീരുമാനിച്ചിരിക്കുകയായിരുന്നു അന്വയ . അപ്പോഴാണ് ലക്ഷ്മി പ്രോത്സാഹനവുമായി എത്തിയത്. എറണാകുളം വനിതാ ഫുട്ബാൾ ടീം അംഗമായ ലക്ഷ്മി തൈക്കൂടം സ്വദേശിനിയാണ്. ചേലൂക്കാരൻ വീട്ടിൽ രഘുനാഥ് ബിന്ദു എന്നിവരാണ് മാതാപിതാക്കൾ. തിരുവാങ്കുളം അവനാട് വീട്ടിൽ ഉണ്ണികൃഷ്ണൻ ലേഖ എന്നിവരുടെ മകളാണ് അന്വയ. പരിശീലകന്റെ സഹായമില്ലാതെയാണ് അന്വയ മത്സരിച്ചത്.