ആലുവ: കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷനിലെ കാനയിലേക്ക് അഴുക്ക് വെള്ളം ഒഴുക്കിയ ഷോപ്പിംഗ് കോംപ്ലക്സിന് ആലുവ നഗരസഭ അര ലക്ഷം രൂപ പിഴയിട്ടു. സബ്‌ജയിൽ റോഡിൽ പ്രവർത്തിക്കുന്ന കൊടവത്ത് ഷോപ്പിംഗ് കോംപ്ലക്‌സിനാണ് നഗരസഭ ആരോഗ്യ വിഭാഗം പിഴയിട്ടത്. പിഴ ഒടുക്കാത്തപക്ഷം സ്ഥാപനത്തിന്റെ ലൈസൻസ് പിൻവലിക്കുമെന്ന മുന്നറിയിപ്പ് നോട്ടീസും നൽകിയിട്ടുണ്ട്.
ഷോപ്പിംഗ് കോംപ്ലക്‌സിൽ നിന്ന് മലിനജല കുഴലുകൾ പുറകിലുള്ള കെ.എസ്.ആർ.ടി.സി. ബസ് സ്റ്റേഷൻ കോമ്പൗണ്ടിലെ കാനയിലേയ്ക്ക് ഘടിപ്പിച്ചതായി പൊതുമരാമത്ത് കണ്ടെത്തിയതിനെ തുടർന്നാണ് നഗരസഭ ആരോഗ്യ വിഭാഗം നോട്ടീസ് നൽകിയത്. കെട്ടിട സമുച്ചയത്തിൽ മലിനീകരണ ബോർഡ് നിഷ്കർഷിച്ചിരിക്കുന്ന വിധം മലിനജല സംസ്കരണ സംവിധാനം ഏർപ്പെടുത്തിയില്ലെങ്കിൽ പ്രവർത്തനാനുമതി റദ്ദാക്കുമെന്നും നോട്ടീസിലുണ്ട്.