മൂവാറ്റുപുഴ: സെൻട്രൽ കേരള സി.ബി.എസ്.ഇ സ്കൂൾ കായികമേള വാഴക്കുളം കാർമൽ സി.എം.ഐ പബ്ലിക് സ്‌കൂൾ ഗ്രൗണ്ടിൽ 24 ന് തുടക്കമാകും. അന്തർദേശീയ ബാഡ്‌മിന്റൺ താരം ആൽവിൻ ഫ്രാൻസിസ് മേളയുടെ ഉദ്‌ഘാടനം നിർവഹിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. സെൻട്രൽ കേരള സഹോദയ പ്രസിഡന്റ് മാത്യൂ കരീത്തറ അദ്ധ്യക്ഷത വഹിക്കും. കോൺഫെഡറേഷൻ ഒഫ് സഹോദയ കോംപ്ലക്സ് സംസ്ഥാന പ്രസിഡന്റും കാർമൽ സ്‌കൂൾ ഡയറക്‌ടറുമായ ഫാ. ഡോ. സിജൻ പോൾ ഊന്നുകല്ലേൽ, കാർമൽ സ്‌കൂൾ പ്രിൻസിപ്പൽ ഫാ. ജോൺസൺ വെട്ടിക്കുഴിയിൽ, സി.കെ.എസ്.സി ജനറൽ സെക്രട്ടറി ജെയ്‌ന പോൾ, വൈസ് പ്രസിഡന്റ് ഫാ. ജോൺസൺ പാലപ്പിള്ളി, ജോയിന്റ് സെക്രട്ടറി മേരി ജെട്രി, അക്കാഡമിക് കോ-ഓർഡിനേറ്റർ മേരി സാബു, സ്പോർട്‌സ് കോ-ഓർഡിനേറ്റർ സുഭാഷ് സി.സി എന്നിവർ സംസാരിക്കും. എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിലെ 92 സി.ബി.എസ്.ഇ സ്‌കൂളുകൾ ചേർന്ന സംഘടനയായ സെൻട്രൽ കേരള സഹോദയയിൽ ഉൾപ്പെടുന്ന രണ്ടായിരത്തോളം വിദ്യാർത്ഥികളാണ് കായികമേളയിൽ മാറ്റുരയ്ക്കുന്നത്. 93 ഇനങ്ങളിലാണ് മത്സരങ്ങൾ. സൂപ്പർ സീനിയർ, സീനിയർ, ജൂനിയർ, സബ് ജൂനിയർ, കിഡീസ് എന്നിങ്ങനെ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം വിഭാഗങ്ങളായാണ് മത്സരം. 26 ന് കായികമേള സമാപിക്കും.