vettu
വെട്ടുവളവ് - ചെറുക്കുന്നം റോഡിന്റെ അപാകതകൾ വിലയിരുത്താൻ എത്തിയ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.ടി. അജിത് കുമാർ പദ്ധതിക്ക് മേൽനോട്ടം വഹിക്കുന്ന പി.എം.ജി.എസ്.വൈ ഉദ്യോഗസ്ഥർക്ക് നിർദ്ദേശങ്ങൾ നൽകുന്നു

കുറുപ്പംപടി: ഉദ്ഘാടനത്തിന് മുമ്പേ കുഴികൾ നിറഞ്ഞ വെട്ടുവളവ് - ചെറുക്കുന്നം റോഡ് നിർമ്മാണത്തിലെ അപാകതകൾ പരിഹരിക്കണമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ എ.ടി. അജിത് കുമാർ ആവശ്യപ്പെട്ടു. സ്ഥലം സന്ദ‌‌ർശിച്ച് റോഡിന്റെ അപാകതകൾ വിലയിരുത്തിയ ശേഷമാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്. നിർമ്മാണത്തിന്റെ നോട്ടം വഹിക്കുന്ന പി.എം.ജി.എസ്.വൈ പദ്ധതിയുടെ അസിസ്റ്റന്റ് എൻജിനീയർ, ഓവർസിയർ എന്നിവരെ പദ്ധതി സ്ഥലത്തേക്ക് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ വിളിച്ചു വരുത്തിയാണ് ആവശ്യം ഉന്നയിച്ചത്. റോഡിന്റെ പരിപാലന കാലാവധി കഴിയാത്തതിനാൽ കരാറുകാരനെ കൊണ്ട് തന്നെ റോഡ് നവീകരിക്കണമെന്നാണ് ആവശ്യം. വേങ്ങൂർ പഞ്ചായത്തിലെ വെട്ടുവളവ് പ്രദേശത്ത് നിന്ന് ആരംഭിച്ചു വേങ്ങൂർ, പുന്നയം പ്രദേശങ്ങളെ ബന്ധിപ്പിച്ച് അശമന്നൂർ പഞ്ചായത്തിലെ ചെറുകുന്നം ഭാഗത്താണ് റോഡ് അവസാനിക്കുന്നത്. പ്രധാനമന്ത്രി ഗ്രാമീണ സടക് യോജനയിൽ ഉൾപ്പെടുത്തി 4.34 കോടി രൂപയാണ് പദ്ധതിക്കായി അനുവദിച്ചത്.

റോഡ് ആരംഭിക്കുന്ന വെട്ടുവളവ് ഭാഗത്ത് വെള്ളക്കെട്ടും രൂപപ്പെട്ടിട്ടുണ്ട്. വെള്ളക്കെട്ട് പരിഹരിക്കുന്നതിന് റോഡിന്റെ വശങ്ങളിൽ കോൺക്രീറ്റ് ചെയ്യുവാൻ പി.എം.ജി.എസ്.വൈ അസിസ്റ്റന്റ് എൻജിനീയർക്ക് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ നിർദ്ദേശം നൽകി.

കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിന് മുൻപാണ് റോഡിന്റെ ടാറിംഗ് നിർമ്മാണം പൂർത്തീകരിച്ചത്. എന്നാൽ 6 മാസത്തിനുള്ളിൽ തന്നെ റോഡിന്റെ പല ഭാഗങ്ങളിലും കുഴികൾ രൂപപ്പെടുകയായിരുന്നു. വേങ്ങൂർ പഞ്ചായത്ത് പ്രസിഡന്റ്‌ ശില്പ സുധീഷ്, വാർഡ് മെമ്പർ ശശികല, മുൻ പഞ്ചായത്ത്‌ അംഗം ലാനി രവി എന്നിവരും സ്ഥലത്തെത്തിയിരുന്നു.