കിഴക്കമ്പലം: കിഴക്കമ്പലം ഇന്ത്യൻ ബാങ്കിന് മുമ്പിൽ പാർക്ക് ചെയ്ത സ്കൂട്ടർ ബാങ്ക് അധികൃതർ ചങ്ങലയിട്ടു പൂട്ടി. വണ്ടി വിട്ടു നൽകാൻ ബാങ്കിൽ 200 രൂപ അടക്കണമെന്ന കുറിപ്പും വച്ചു. ബാങ്കിന് സമീപത്തെ സൂപ്പർ മാർക്കറ്റിലെ ജോലിക്കാരിയായ യുവതിയുടെ സ്കൂട്ടറാണ് പൂട്ടിയത്. വൈകിട്ട് ജോലിക്കെത്തിയ യുവതി 5.30 ഓടെയാണ് സ്കൂട്ടർ പാർക്ക് ചെയ്തത്. യുവതി നൽകിയ പരാതിയിൽ കുന്നത്തുനാട് പൊലീസ് സ്ഥലത്തെത്തി സ്കൂട്ടർ വിട്ടു നൽകാൻ നിർദ്ദേശിച്ചു. തിങ്കളാഴ്ച വൈകിട്ടാണ് സംഭവം. ഏറെ നാളായി ഈ മേഖലയിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് സംബന്ധിച്ച് തർക്കം ന‌ടക്കുന്നുണ്ട്. ഇതൊന്നുമറിയാതെയാണ് യുവതി സ്കൂട്ടർ വച്ചത്. രാത്രി 10 മണിയോടെ സൂപ്പർ മാർക്കറ്റിലെ ജോലി കഴിഞ്ഞ് വീട്ടിലേയ്ക്ക് പോകാനെത്തിയപ്പോഴാണ് വണ്ടിയ്ക്ക് പൂട്ട് വീണ വിവരമറിയുന്നത്. ഇതോടെ പരിഭ്രാന്തിയിലായ യുവതിയെ മറ്റ് ജീവനക്കാർ വീട്ടിലെത്തിച്ചു. ബാങ്ക് സമയം കഴിഞ്ഞിട്ട് പാർക്ക് ചെയ്ത സ്‌കൂട്ടറിൽ ചങ്ങലയിട്ട ബാങ്ക് അധികൃതർക്കെതിരെ പ്രതിഷേധം ശക്തമാണ്. എന്നാൽ സൂപ്പർമാർക്ക​റ്റിലെ വാഹനങ്ങൾ ബാങ്കിന്റെ മുന്നിൽ പാർക്ക് ചെയ്യുന്നത് പതിവാണെന്നും തങ്ങളുടെ ജീവനക്കാരുടെ വാഹനങ്ങൾ എടുക്കാൻ കഴിയാത്ത അവസ്ഥയാണെന്നും ഇതാണ് ലോക്ക് ചെയ്യാൻ കാരണമെന്നും മാനേജർ പറഞ്ഞു.