 
മരട്: കുമ്പളം ടോൾപ്ലാസവഴി യാത്രചെയ്യേണ്ടിവരുന്ന മരട് നിവാസികളെ താത്കാലികമായി ടോളിൽ നിന്നൊഴിവാക്കാനാകില്ലെന്ന ദേശീയപാത അതോറിറ്റി പ്രൊജക്ട് ഡയറക്ടറുടെ നിലപാടിനെതിരെ പ്രതിഷേധം ശക്തം. നഗരസഭാ ചെയർമാൻ ആന്റണി ആശാംപറമ്പിലിന്റെ നേതൃത്വത്തിൽ നാഷണൽ ഹൈവേ അതോറിറ്റിയുടെ ഓഫീസിൽ പ്രതിഷേധസമരം നടത്തി. ടെക്നിക്കൽ മാനേജർ ജോൺ ജീവൻ ജോസഫുമായി ചർച്ച നടത്തി.
വൈസ് ചെയർപേഴ്സൺ രശ്മി സനിൽ, കൗൺസിലർമാരായ സി.ആർ. ഷാനവാസ്, പി.ഡി. രാജേഷ്, മിനി ഷാജി, ദിഷ പ്രതാപൻ തുടങ്ങിയവർ പങ്കെടുത്തു. വിഷയത്തിന്റെ ഗൗരവം ഉന്നത ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെടുത്താമെന്ന് അറിയിച്ചതിനെത്തുടർന്ന് പ്രതിഷേധം അവസാനിപ്പിച്ചു.
പാലം അടച്ചതിനെത്ടതുർന്ന് മരട് നിവാസികൾ നേരിടുന്ന യാത്രാപ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുന്നതിനായി കളക്ടർ എൻ.എസ്.കെ ഉമേഷ് വിളിച്ച യോഗത്തിൽ മരട് നിവാസികളെ ടോളിൽനിന്നൊഴിവാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇത്തരത്തിൽ താത്കാലികമായി ടോളിൽ നിന്നൊഴിവാക്കാൻ സാങ്കേതികമായി സാധിക്കില്ലെന്ന് എൻ.എച്ച്.എ.ഐ പ്രൊജക്ട് ഡയറക്ടർ ജില്ലാ കളക്ടറെ അറിയിക്കുകയായിരുന്നു.
പശ്ചിമകൊച്ചിയിലേക്ക് പോകുന്ന മരട് നിവാസികൾ കുണ്ടന്നൂ൪ പാലം അടച്ചതോടെ കുമ്പളം ടോൾപ്ലാസയിലൂടെ അരൂ൪-ഇടക്കൊച്ചി വഴി സഞ്ചരിക്കേണ്ടി വരും. അതിനാൽ വലിയ തുക ടോളായി നൽകേണ്ടി വരും.