കൊച്ചി: തുടർച്ചയായി കേരളത്തിൽ ഉണ്ടാകുന്ന പ്രകൃതി ദുരന്തങ്ങളുടെ പശ്ചാത്തലത്തിൽ ഓരോ പ്രദേശത്തിനും സുരക്ഷിതവും അനുയോജ്യവുമായ പാർപ്പിടനയം നടപ്പിലാക്കുമെന്ന് മന്ത്രി കെ. രാജൻ പറഞ്ഞു.

സംസ്ഥാന ഭവനനിർമ്മാണ ബോർഡിന്റെ നേതൃത്വത്തിൽ സർക്കാരിന്റെ നൂറുദിനകർമ്മ പരിപാടിയിൽ ഉൾപ്പെടുത്തി നിർമിക്കുന്ന തൃക്കാക്കര സാറ്റലൈറ്റ് ടൗൺ​ഷി​പ്പ് പദ്ധതിയുടെയും കൊമേർഷ്യൽ കം റെസിഡൻഷ്യൽ സമുച്ചയ പദ്ധതിയുടെയും നിർമ്ണമാണോദ്ഘടനവും എളംകുളം കുമാരനാശാൻ നഗർ ഭവനപദ്ധതി പ്രദേശത്ത് തുടങ്ങുന്ന കൊമേർഷ്യൽ കം റെസിഡൻഷ്യൽ സമുച്ചയ പദ്ധതിയുടെ പ്രഖ്യാപനവും ഓൺലൈനിൽ നിർവഹിക്കുകയായിരുന്നു മന്ത്രി. കേരളത്തിലെ ഓരോ പ്രദേശത്തും ഉപയോഗിക്കേണ്ട നിർമാണ സാമഗ്രികളുടെ ശാസ്ത്രീയപഠനം നടത്തുമെന്ന് മന്ത്രി അറിയിച്ചു. ഹൗസിംഗ് ബോർഡ് ചെയർമാൻ ടി.വി. ബാലൻ അദ്ധ്യക്ഷനായി​. ബോർഡ് മെമ്പർ ഷാജി കാഞ്ഞമല, ഹൗസിംഗ് ബോർഡ് ടെക്‌നിക്കൽ മെമ്പർ വി. ഉണ്ണിക്കൃഷ്ണൻ, ആർ.ജെ.ഡി ജില്ല പ്രസിഡന്റ് അഷറഫ് ചെങ്ങമനാട്, ജനാധിപത്യ കേരള കോൺഗ്രസ് ജില്ല പ്രസിഡന്റ് പൗലോസ് മുടക്കുംതല, ഐ.എൻ.എൽ ജില്ല പ്രസിഡന്റ് മുഹമ്മദ് നജീബ്, റീജിയണൽ എൻജിനി​യർ ടി.ആർ. മഞ്ജുള, എറണാകുളം ഡിവിഷൻ എക്‌സിക്യുട്ടീവ് എൻജിനീയർ എസ്. രതീഷ് എന്നിവർ പ്രസംഗിച്ചു.