മൂവാറ്റുപുഴ: പേഴക്കാപ്പിള്ളി പള്ളിപ്പടിയിൽ അന്യസംസ്ഥാനതൊഴിലാളികളും നാട്ടുകാരും ഏറ്റുമുട്ടി. രണ്ട് പേർക്ക് പരിക്കേറ്റു. രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. തിങ്കളാഴ്ച രാത്രി പത്തോടെ ആയിരുന്നു സംഭവം. രണ്ടിടത്തായാണ് സംഘർഷം നടന്നത്.
മണ്ടൻകവലയിലെ പലചരക്ക് കടയിൽ സാധനം വാങ്ങാനെത്തിയ അന്യസംസ്ഥാന തൊഴിലാളിയുടെ ഭാര്യയോട് പ്രദേശവാസിയായ യുവാവ് അപമര്യാദയായി പെരുമാറി എന്നാരോപിച്ച് ഒരുകൂട്ടം അന്യസംസ്ഥാന തൊഴിലാളികളാണ് സംഘർഷത്തിന് തുടക്കംകുറിച്ചത്. ആരോപണ വിധേയനായ യുവാവിനെ ഒരുസംഘം അന്യസംസ്ഥാന തൊഴിലാളി സ്ത്രീകളും പുരുഷന്മാരും ചേർന്ന് ക്രൂരമായി മർദിച്ചു. രക്തം വാർന്നൊലിക്കുന്ന യുവാവിനെ കണ്ടതോടെ സമീപവാസികളായ ഒരു വിഭാഗം സംഘടിച്ചു. തുടർന്ന് പളളിക്കവല ഭാഗത്ത് വച്ച് പരാതി ഉന്നയിച്ച അന്യസംസ്ഥാന തൊഴിലാളിയുടെ ഭാര്യയേയും ഒപ്പമുണ്ടായിരുന്ന ആളെയും മർദിച്ചു. പരിക്കേറ്റ ബംഗാൾ സ്വദേശികളായ നൈജുൽ റഹിം (39), ഭാര്യ ഹസ്മ (32) എന്നിവർ ആശുപത്രിയിൽ ചികിത്സതേടി. ഭാര്യയെ അപമാനിച്ചത് ചോദ്യംചെയ്തതിനെ തുടർന്ന് തങ്ങളെ ഒരു സംഘമാളുകൾ ചേർന്നു മർദിച്ചതായി ഇവർ പൊലീസിൽ പരാതി നൽകി. സംഭവ സ്ഥലത്തെ സി.സി ടിവി പരിശോധിച്ച പൊലീസ് മർദനദൃശ്യം ലഭിച്ചതോടെ കേസ് രജിസ്റ്റർ ചെയ്തു. പിന്നാലെ രണ്ടുപേരെ കസ്റ്റഡിയിലെടുത്തു.