കൊച്ചി: ഒറീസയിൽനിന്ന് വൻതോതിൽ കഞ്ചാവെത്തിച്ച് എറണാകുളം നഗരത്തിൽ മൊത്തവ്യാപാരം നടത്തുന്ന പത്തനംതിട്ട സ്വദേശി പിടിയിൽ. റാന്നി ചെറുകുളങ്ങി സ്വദേശി പൂവത്തുംതറ വീട്ടിൽ റിൻസൻ മാത്യുവാണ് (35) എറണാകുളം എക്‌സൈസ് റേഞ്ച്, എറണാകുളം സൗത്ത് ആർ.പി.എഫ് ടീം എന്നിവരുടെ സംയുക്തനീക്കത്തിൽ പിടിയിലായത്. ഇയാളുടെ പക്കൽനിന്ന് 8 കിലോ കഞ്ചാവ് പിടിച്ചെടുത്തു. രഹസ്യവിവരം ലഭിച്ചതിനെത്തുടർന്ന് ഇയാൾ ഉദ്ദ്യോഗസ്ഥസംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു. വൈകിട്ട് നാലോടെ എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ ഇറങ്ങിയപ്പോഴാണ് പ്രതിയെ അറസ്റ്റുചെയ്തത്.
ഇയാളിൽനിന്ന് കഞ്ചാവ് ഏറ്റുവാങ്ങാൻ വരുന്നവരെക്കുറിച്ചുള്ള സൂചന ലഭിച്ചിട്ടുണ്ടെന്നും കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്നും എക്‌സൈസ് പറഞ്ഞു.