കൊച്ചി: സമ്പൂർണ ഡിജിറ്റൽ സാക്ഷരത കൈവരിച്ച സംസ്ഥാനത്തെ ആദ്യ ജില്ലയായി എറണാകുളം. ചൊവ്വാഴ്ച ചേർന്ന യോഗത്തിൽ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തി. കളക്ടർ എൻ.എസ്.കെ ഉമേഷ് അദ്ധ്യക്ഷനായി. 8,36,648 കുടുംബങ്ങളിൽ നടത്തിയ സർവേയിൽ 1,92,883 പേർ ഡിജിറ്റൽ നിരക്ഷരരാണെന്ന് കണ്ടെത്തിയിരുന്നു. ഇവർക്ക് സന്നദ്ധസംഘടനകൾ, കോളേജുകൾ, കുടുംബശ്രീ, സാക്ഷരത മിഷൻ തുടങ്ങിയവയുടെ സഹായത്തോടെ പരിശീലനം നൽകി ഡിജിറ്റൽ സാക്ഷരരാക്കി. ഡിജി കേരളം പദ്ധതിയിൽ ജില്ല, മണ്ഡല, തദ്ദേശസ്ഥാപന, വാർഡ് തലങ്ങളിൽ സമിതികൾ രൂപീകരിച്ചാണ് പദ്ധതി പൂർത്തിയാക്കിയത്.

കൂടുതൽ ആളുകളിൽ സർവേ നടത്തിയത് കൊച്ചി കോർപറേഷനിലാണ് 1,47,392 പേർ. കൂടുതൽ പഠിതാക്കളും ഇവിടെയായിരുന്നു. 11,958 പേർ. നഗരസഭാതലത്തിൽ കൂടുതൽ പേരിൽ സർവേ നടത്തിയത് തൃപ്പൂണിത്തുറയിലാണ്. കൂടുതൽ പഠിതാക്കൾ കളമശേരിയിലും. പഞ്ചായത്തിൽ എടത്തലയാണ് മുന്നിൽ. കൂടുതൽ പഠിതാക്കളും ഇവിടെത്തന്നെ.

അശമന്നൂർ പഞ്ചായത്തിലെ അബ്ദുള്ള മൗലവി (99) ജില്ലയിൽ ഡിജിറ്റൽ സാക്ഷരത കൈവരിച്ച പ്രായംകൂടിയ പഠിതാവായി. 4,591 കുടുംബശ്രീ വോളണ്ടിയർമാരും വിവിധ സ്‌കൂൾ, കോളേജുകളിലെ 3,421 എൻ.എസ്.എസ് വോളണ്ടിയർമാരും ജില്ലയിലെ 95 വിദ്യാഭ്യാസ സ്ഥപനങ്ങളും പദ്ധതിയുടെ ഭാഗമായി.