
നാഷണൽ ടെസ്റ്റിംഗ് ഏജൻസി ദേശീയ എൻജിനിയറിംഗ് പ്രവേശന പരീക്ഷയായ ജെ.ഇ.ഇ മെയിനിൽ ചെറിയ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. 2025ലെ പരീക്ഷയിൽ ഈ മാറ്റങ്ങൾ നിലവിൽ വരും. എൻ.സി.ഇ.ആർ.ടി 11,12 ക്ലാസുകളിലെ സിലബസിൽ നിന്നാണ് ചോദ്യങ്ങളുണ്ടാകുക. പരീക്ഷയിൽ ഫിസിക്‌സ്,കെമിസ്ട്രി,കണക്ക് എന്നിവയിൽ നിന്നും 25 വീതം മൊത്തം 75 ചോദ്യങ്ങളുണ്ടാകും. മുൻ വർഷങ്ങളിൽ ആകെ 90 ചോദ്യങ്ങളായിരുന്നു.
ഓരോ വിഷയത്തിൽ നിന്നും 20 മൾട്ടിപ്പിൽ ചോയ്‌സ്,നൂമെറിക്കൽ വാല്യു ചോദ്യങ്ങളുണ്ടാകും. പാർട്ട് ഒന്നിലും രണ്ടിലും ആ സെക്ഷനിൽ ഇനി ചോദ്യങ്ങൾക്കു ചോയ്‌സില്ല. സിലബസിനനുസരിച്ച് പ്രോബ്ലം സോൾവിംഗ് ടൈപ്പ് ചോദ്യങ്ങളുണ്ടാകും.
അഡ്വാൻസ്ഡും
ജെ.ഇ.ഇ പരീക്ഷയിൽ മെയിൻ,അഡ്വാൻസ്ഡ് പരീക്ഷകളുണ്ട്. മെയ്‌നിന്റെ സ്‌കോർ വിലയിരുത്തിയാണ് ജെ.ഇ.ഇ അഡ്വാൻസ്ഡ് പരീക്ഷ എഴുതാനുള്ള യോഗ്യത ലഭിക്കുന്നത്. മെയിൻ സ്‌കോറനുസരിച്ച് രാജ്യത്തെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്‌നോളജി,ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇൻഫർമേഷൻ ടെക്‌നോളജി എന്നിവിടങ്ങളിലും 50ഓളം ദേശീയ സ്ഥാപനങ്ങളിലും ബി.ടെക് കോഴ്‌സിന് പ്രവേശനം നേടാം. എന്നാൽ ഐ.ഐ.ടികളിലെ പ്രവേശനത്തിന് ജെ.ഇ.ഇ അഡ്വാൻസ്ഡ് സ്‌കോർ ആവശ്യമാണ്.
തിരുവനന്തപുരം വലിയമലയിലുള്ള ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സ്‌പേസ് സയൻസ് ആൻഡ് ടെക്‌നോളജിയിൽ ബി.ടെക് പ്രവേശനത്തിന് ജെ.ഇ.ഇ മെയിൻ,അഡ്വാൻസ്ഡ് സ്‌കോറുകൾ വേണം. ഹരിയാനയിലും തഞ്ചാവൂരിലിമുള്ള ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഫുഡ് ടെക്‌നോളജി,നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഫുഡ് ടെക്‌നോളജി ആൻഡ് എന്റർപ്രെനെർഷിപ്പിൽ ബി.ടെക് ഫുഡ് ടെക്‌നോളജി പ്രവേശനത്തിനും ജെ.ഇ.ഇ മെയിൻ റാങ്ക് ആവശ്യമാണ്.
ജെ.ഇ.ഇ മെയിൻ പരീക്ഷയിൽ നിശ്ചിത സ്‌കോർ നേടിയ രണ്ടേ കാൽ ലക്ഷം വിദ്യാർത്ഥികളാണ് അഡ്വാൻസ്ഡ് പരീക്ഷയെഴുതാൻ യോഗ്യത നേടുന്നത്.
ടൈം മാനേജ്മെന്റ്
ജെ.ഇ.ഇ പരീക്ഷയിൽ ടൈം മാനേജ്‌മെന്റ് ഏറെ പ്രാധാന്യമർഹിക്കുന്നു. അതിനാൽ പരീക്ഷക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾ പരമാവധി പ്രാക്ടീസ് ടെസ്റ്റുകൾ ചെയ്യാൻ ശ്രമിക്കണം. ചിട്ടയോടെയുള്ള തയ്യാറെടുപ്പിലൂടെ ജെ.ഇ.ഇ മെയിൻ,അഡ്വാൻസ്ഡ് പരീക്ഷയിൽ മികച്ച സ്‌കോർ നേടാം. ജെ.ഇ.ഇ മെയിൻ പരീക്ഷ എൻ.ടി.എയും,അഡ്വാൻസ്ഡ് 2025 പരീക്ഷ മേയിൽ കാൺപൂർ ഐ.ഐ.ടിയുമാണ് നടത്തുന്നത്. ജെ.ഇ.ഇ മെയിൻ പരീക്ഷ ജനുവരി,ഏപ്രിൽ മാസങ്ങളിൽ നടക്കും. പരീക്ഷ നോട്ടിഫിക്കേഷൻ ഉടൻ പുറത്തിറങ്ങും.