
കോതമംഗലം : പരിക്കിന്റെ പിടിയിലായതോടെ ഇഷ്ടയിനമായ ഓട്ടത്തിൽ നിന്ന് ട്രിപ്പിൾ ജമ്പിലേക്ക് മാറിയെത്തിയ ബെസൽ ജോമോൻ സ്വർണം ചാടിയെടുത്തു. ജൂനിയർ ആൺകുട്ടികളുടെ ട്രിപ്പിൾ ജമ്പിലാണ് മാർബേസിൽ എച്ച്.എസ്.എസിന്റെ താരം സ്വർണം നേടിയത്. 11.51 ദൂരം. ഏഴാം ക്ലാസ് മുതൽ കായിക രംഗത്തുണ്ട് ബെസൽ. ഓട്ടമായിരുന്നു മെയിൻ. മുട്ടുകാലിന് പരിക്കേറ്റ് മാറിനിൽക്കേണ്ടി വന്നതോടെ ഈ ഇനത്തിൽ മറ്റ് താരങ്ങൾ വളർന്നു. തുടർന്ന് കായികാദ്ധ്യാപകന്റെ നിർദ്ദേശപ്രകാരമാണ് ട്രിപ്പിൾ ജമ്പിലേക്ക് മാറിയത്. ഇപ്പോൾ ട്രിപ്പിൽ ജമ്പാണ് ബെനലിന്റെ ജീവൻ. തൊടുപുഴ കാളിയാർ ജോമോൻ - സിമി എന്നിവരാണ് മാതാപിതാക്കൾ . എട്ടാം ക്ലാസിൽ പഠിക്കുന്ന സഹോദരൻ ബെനിറ്റോയും കായിക താരമാണ്. സഹോദരി ബെറ്റീന.