daniel
ഡാനിയേൽ ജോസഫ്

വൈപ്പിൻ: പള്ളത്താംകുളങ്ങര സ്റ്റാൻ‌ഡിലെ ഓട്ടോറിക്ഷാ ഡ്രൈവറായ യുവതിയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ രണ്ടാം പ്രതി അറസ്റ്റിലായി. അരൂർ എരമല്ലൂർ തറയിൽ വീട്ടിൽ ഡാനിയേൽ ജോസഫ് (22)നെയാണ് മുനമ്പം ഡിവൈ.എസ്.പി. എസ്. ജയകൃഷ്ണന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. കേസിൽ പ്രതികളായ 8 പേരെ നേരത്തെ പിടികൂടിയിരുന്നു. കഴിഞ്ഞ ജൂൺ പത്തിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രതികളിൽ ചിലരുമായുണ്ടായ വാക്കുതർക്കത്തെ തുടർന്ന് യുവതി പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിന്റെ വൈരാഗ്യത്തിൻ പ്രധാന പ്രതി സജീഷ് യുവതിയെ ഗുണ്ടാ സംഘത്തെ ഏർപ്പാടാക്കി ആക്രമിക്കുകയായിരുന്നു. സംഭവശേഷം രണ്ടാം പ്രതി ഡാനിയേൽ ജോസഫ് പല പേരുകളിൽ വേഷം മാറി മുംബൈ, ബംഗളൂരു, ചെങ്കോട്ട എന്നിവിടങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്നു. ചെങ്കോട്ടയിലെ ഉൾഗ്രാമത്തിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. എസ്.ഐ.മാരായ കെ.എസ്. സുനിൽ, എൻ.എ. ബിജു, സി.പി.ഒ. കെ. പ്രജിത്ത് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്.