മുളന്തുരുത്തി: മണ്ഡലകാലം ആരംഭിക്കുന്നതിന് മുൻപ് അടിയന്തരമായി ചെങ്ങോലപ്പാടം സർവീസ് റോഡ് സഞ്ചാരയോഗ്യമാക്കുക എന്ന് ആവശ്യപ്പെട്ടുകൊണ്ട് എൽ.ഡി.എഫ് മുളന്തുരുത്തി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ സർവീസ് റോഡ് ഉപരോധിച്ചു. സർവീസ് റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കാൻ യാതൊരുവിധ ഇടപെടലും നടത്താത്ത എം.എൽ.എയുടെയും ഗ്രാമപഞ്ചായത്ത് യു.ഡി.എഫ് ഭരണസമിതിയുടെയും നിലപാട് ജനദ്രോഹകരമാണെന്ന് എൽ.ഡി.എഫ് നേതാക്കൾ ആരോപിച്ചു. വിഷയത്തിന്റെ ഗൗരവം ചൂണ്ടിക്കാട്ടി കളക്ടർക്ക് പരാതി നൽകി. പള്ളിത്താഴത്ത് നിന്ന് ആരംഭിച്ച മാർച്ച് മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എ. ജോഷി ഉദ്ഘാടനം ചെയ്തു. ടോമി വർഗീസ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ലോക്കൽ സെക്രട്ടറി പി.ഡി. രമേശൻ, പി.എൻ. പുരുഷോത്തമൻ എന്നിവർ സംസാരിച്ചു. അനധികൃതമായി ഭൂമി നികത്തി റിസോർട്ട് മാഫിയ സംരക്ഷിക്കാനുള്ള പഞ്ചായത്ത് ഭരണസമിതിയുടെ തെറ്റായ നയങ്ങൾക്കെതിരെ മുളന്തുരുത്തി ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് വെള്ളിയാഴ്ച മാർച്ചും ധർണയും സംഘടിപ്പിക്കുമെന്ന് എൽ.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റി അറിയിച്ചു.