y
കണ്ണൻകുളങ്ങരയിലെ ടി.കെ.രാമകൃഷ്‌ണൻ മാളിൽ ഒരു വശത്ത് അട്ടിയായി വച്ച ചാക്കുകൾ

1 മാളുകളുടെ ഉദ്ഘാടനം 2020ൽ

2 മാളുകൾ രണ്ടും ആർക്കും വേണ്ട

3 നാലുവർഷമായി വാടക ഇനത്തിൽ കിട്ടേണ്ട 35 കോടിയോളം നഷ്ടമായി. ഡിപ്പോസിറ്റ് ഇനത്തിൽ കിട്ടേണ്ട കോടികൾ വേറെയും.

തൃപ്പൂണിത്തുറ: ധൂർത്തിന്റെ പര്യായമായി നിലകൊള്ളുന്ന തൃപ്പൂണിത്തുറയിലെ രണ്ട് വമ്പൻ മാളുകൾ ഇന്ന് നഗരസഭയിലെ മാലിന്യം തള്ളാനുള്ള കേന്ദ്രങ്ങളായി മാറി. നഗരസഭ പിടിച്ചെടുത്ത അനധികൃത ബോർഡുകളും ബാനറുകളും മറ്റും തള്ളിയിരിക്കുന്നത് കോടികൾമുടക്കി പണിത എ.ജി. രാഘവമേനോൻ മാളിലാണ്. ടി.കെ. രാമകൃഷ്ണൻ മാൾ ജൈവമാലിന്യ സംസ്കരണ സാധനങ്ങളുടെ ഗോഡൗണായും മാറി. ഇതിന്റെ ഭാഗമായുള്ള ചാക്കുകൾ ഒന്നാംനിലയിൽ അടുക്കായി വച്ചിരിക്കുകയാണ്.

2020ൽ മാസങ്ങളുടെ വ്യത്യാസത്തിൽ ഉദ്ഘാടനം ചെയ്ത കണ്ണൻകുളങ്ങരയിലെ ടി.കെ. രാമകൃഷ്‌ണൻ മാൾ, സ്റ്റാച്യുവിന് സമീപമുള്ള എ.ജി. രാഘവമേനോൻ മാൾ എന്നീ മാളുകളിൽനിന്ന് പ്രതിമാസം 70 ലക്ഷത്തിൽപരം രൂപ വാടക കിട്ടുമെന്നായിരുന്നു പ്രതീക്ഷ. ഉയർന്ന ലേലത്തുകയ്ക്ക് മാൾ ഏറ്റെടുക്കാൻ ആളില്ലാതായതാണ് പ്രതിസന്ധിക്ക് കാരണം. തുകയിൽ ഇളവ് നല്കി വീണ്ടും 2 തവണ നഗരസഭ ലേലനോട്ടിസ് നൽകിയെങ്കിലും ആരും പ്രതികരിച്ചില്ല. 8 ലക്ഷത്തോളം രൂപ പരസ്യഇനത്തിൽ ചെലവായത് മാത്രം മിച്ചം. നാലുവർഷമായി വാടക ഇനത്തിൽ കിട്ടേണ്ട 35 കോടിയോളം രൂപയാണ് ഇങ്ങനെ നഷ്ടമായത്. ഡിപ്പോസിറ്റ് ഇനത്തിൽ കിട്ടേണ്ട കോടികൾ വേറെയും.

യഥാസമയം ലേലത്തിൽ പോയിരുന്നെങ്കിൽ മാളുകളുടെ നിർമ്മാണച്ചെലവായ 15 കോടി ഇതിനകം വീണ്ടെടുക്കാമായിരുന്നു. ബാക്കി വരുന്നതുക നഗര വികസനത്തിനും ഉപയോഗിക്കാമായിരുന്നു.

* 9 കോടിരൂപ മുതൽമുടക്കിൽ 3 നിലയിൽ നിർമ്മിച്ച ടി.കെ. രാമകൃഷ്ണൻ മുനിസിപ്പൽ മാളിന്റെ പ്രതിമാസവാടക 43.47ലക്ഷം രൂപയായാണ് നിശ്ചയിച്ചിരുന്നത്. സെക്യൂരിറ്റി ഡെപ്പോസിറ്റ്, അഡ്വാൻസ് ഇനങ്ങളിൽ വേറെ 8 കോടിയോളം രൂപയും ലഭിക്കുമായിരുന്നു. വാടകഇനത്തിൽ കഴിഞ്ഞ 4 വർഷമായി കിട്ടേണ്ട 20 കോടിയോളം രൂപ നഷ്ടപ്പെട്ടു.

* തൃപ്പൂണിത്തുറ ടൂറിസ്‌റ്റ് ഹോം പൊളിച്ചുകളഞ്ഞ് ആറരക്കോടിരൂപ മുടക്കിൽ 43,000 ചതുരശ്ര അടിയിൽ നിർമിച്ച എ.ജി. രാഘവമേനോൻ മുനിസിപ്പൽ മാളിന് 30 ലക്ഷംരൂപ വാടക കിട്ടുമെന്നായിരുന്നു പ്രതീക്ഷ. ഇതിന്റെ ടെൻഡർ നടപടികൾ തുടങ്ങിയിട്ടുപോലുമില്ല. വാടകഇനത്തിൽ ഏകദേശം 14.5 കോടിയാണ് നഷ്ടമായത്.

ടി.കെ. രാമകൃഷ്ണൻ മാൾ ഓഫറിന് വച്ചപ്പോൾ 4 സ്ഥാപനങ്ങൾ സമീപിച്ച് വിവരങ്ങൾ എടുത്തിട്ടുണ്ട്. അതിൽ മുംബയ് ആസ്ഥാനമായ കമ്പനിക്ക് മാൾ ഏറ്റെടുക്കുന്നതിൽ താത്പര്യമുണ്ടെന്ന് അറിയിച്ചിട്ടുണ്ട്. അടുത്ത ആഴ്ച അവർ വരുമെന്നാണ് പ്രതീക്ഷ.

രമ സന്തോഷ്, ചെയർപേഴ്സൺ,

നഗരസഭ