കൊച്ചി: വ്യവസായ മേഖലയായ ഏലൂരിലെ താമസം ജനങ്ങൾക്ക് വെല്ലുവിളിയാകുന്നു. രാവിലെയും വൈകിട്ടും വ്യവസായശാലകളിൽ നിന്നുയരുന്ന കനത്ത പുകയും പൊടിയും അസഹനീയമാണെന്ന് നാട്ടുകാർ പറയുന്നു. രാവിലെ എട്ടു മണിവരെയും വൈകിട്ട് നാലരയ്ക്ക് ശേഷവുമെല്ലാം ഏലൂരിലും പരിസരപ്രദേശങ്ങളിലും മൂടൽമഞ്ഞിന് സമാനമായ പുകയാണ്.

340ലേറെ ചെറുതും വലുതുമായ വ്യവസായശാലകൾ പ്രവർത്തിക്കുന്ന അവിടെ കഴിഞ്ഞ ഒരാഴ്ചയായി അസഹനീയമായ അവസ്ഥയിലാണ് കാര്യങ്ങൾ. പുകയ്‌ക്കൊപ്പം കറുത്ത നിറത്തിലുള്ള പൊടിയും ജനങ്ങൾക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. പ്രശ്‌നം രൂക്ഷമായതോടെ ജനങ്ങൾ ഏലൂർ നഗരസഭയെ സമീപിച്ചെങ്കിലും തങ്ങൾക്കൊന്നും ചെയ്യാനില്ലെന്നും മലിനീകരണ നിയന്ത്രണ ബോർഡിന് മാത്രമേ എന്തെങ്കിലും ചെയ്യാനാകൂവെന്നും പറഞ്ഞ് കൈമലർത്തി. മലിനീകരണ നിയന്ത്രണ ബോർഡും ഇതുവരെ നടപടികൾ സ്വീകരിച്ചില്ല.

കമ്പനിപ്പടിയിലെ മലിനീകരണ തോത് അറിയിക്കുന്ന മീറ്ററിൽ അളവ് വലിയ തോതിൽ കൂടിയാലും അധികൃതർ അറിഞ്ഞ ഭാവം നടിക്കുന്നില്ലെന്നാണ് ആളുകളുടെ പരാതി. മലിനീകരണ നിയന്ത്രണത്തിന് ശാശ്വതപരിഹാരം കാണാത്തപക്ഷം പ്രതിഷേധം സംഘടിപ്പിക്കാനാണ് നാട്ടുകാരുടെ നീക്കം.

ചുമയും കണ്ണിനു നീറ്റലും

പുക കൂടുന്ന സമയങ്ങളിൽ കുട്ടികളിയും പ്രായമായവരിലും ഒരുപോലെ ചുമയും കണ്ണുകൾക്ക് നീറ്റലും അനുഭവപ്പെടുന്നുണ്ട്. ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ ഉള്ളവരും ഹൃദ്രോഗമുൾപ്പെടെയുള്ളവർക്കും ഈ സമയങ്ങളിൽ അസഹ്യമായ ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ട്. ഏലൂർ, പാതാളം, കമ്പനിപ്പടി, ഇടയാർ, മുപ്പത്തടം, എരമം, പാനായിക്കുളം തുടങ്ങിയ മേഖലകളിലാണ് പുകയും പൊടിയും അസഹനീയമാകുന്നത്.

നാല് കമ്പനികൾ പൂട്ടിച്ച് പി.സി.ബി

എടയാറിൽ മലിനീകരണ നിയന്ത്രണ ബോർഡ് പൂട്ടിച്ചത് മലിനീകരണ നിയന്ത്രണ സംവിധാനങ്ങളില്ലാത്ത നാല് കമ്പനികൾ നടപടി കമ്പനികളിൽ നിന്നുള്ള പുകയും പൊടിയും സംബന്ധിച്ച് ഒരുമാസം മുന്നേ പ്രദേശവാസികൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ  പൂട്ടിയതെല്ലാം എല്ലുപൊടി തയാറാക്കുന്ന യൂണിറ്റുകൾ

ഇതിന് സമാനമായ മറ്റ് കമ്പനികൾക്കെതിരെയും നടപടിവേണമെന്ന് ജനങ്ങൾ

പ്രധാന പ്രശ്‌നങ്ങൾ

ചുമ
കണ്ണിനു നീറ്റൽ
ചൊറിച്ചിൽ
അസഹ്യമായ ദുർഗന്ധം


ഏലൂരിലെ മലിനീകരണ പ്രശ്‌നങ്ങൾ നഗരസഭയ്ക്ക് ഇടപെടുന്നതിന് പരിമിതികളുണ്ട്. ജനങ്ങൾ അനുഭവിക്കുന്ന ബുദ്ധിമുട്ട് നേരിട്ടറിയാവുന്നതിനാൽ മലിനീകരണ നിയന്ത്രണ ബോർഡിനെ വിവരം ധരിപ്പിച്ചിരുന്നു. കൂടുതൽ നടപടികൾ സ്വീകരിക്കേണ്ടത് അവരാണ്.

എ.ഡി. സുജിൽ
ചെയർമാൻ
ഏലൂർ നഗരസഭ