adipatha
തകർന്നു കിടക്കുന്ന അങ്ങാടിക്കടവ് അടിപ്പാത റോഡ്

അങ്കമാലി: 10 മാസത്തെ കാത്തിരിപ്പിനൊടുവിൽ രണ്ടു മാസം മുൻപ് ഗതാഗതത്തിന് തുറന്നുകൊടുത്ത അങ്ങാടിക്കടവ് റയിൽവേ അടിപ്പാതയുടെ നിർമ്മാണം പൂർത്തിയാക്കി അടിയന്തരമായി വഴിവിളക്കുകൾ സ്ഥാപിക്കണമെന്ന ആവശ്യവുമായി പ്രദേശവാസികൾ രംഗത്ത്. പൊട്ടിപ്പൊളിഞ്ഞ അടിപ്പാതിയിലൂടെ ഇരുചക്രവാഹനയാത്ര പോലും ക്ലേശകരമാണ്. വഴിവിളക്കുകൾ ഇല്ലാത്തതുമൂലം രാത്രിയാത്രയും ദുർഘടമാണ്. അടിപ്പാത നിർമ്മാണവുമായി ബന്ധപ്പെട്ട് ഒരു വർഷത്തോളം ഈ വഴിയുള്ള ഗതാഗതം നിരോധിച്ചിരുന്നു. അങ്കമാലിയിൽ നിന്ന് പുളിയനം, പാറക്കടവ് ഭാഗത്തേക്കുള്ള യാത്രാ ബസ് ഉൾപ്പെടെ കിലോമീറ്ററുകൾ ചുറ്റിയാണ് പൊയിക്കൊണ്ടിരുന്നത്. നിരവധി പ്രക്ഷോഭങ്ങൾക്കൊടുവിൽ കഴിഞ്ഞ ഓഗസ്ത് 22നാണ് ഈ റോഡ് തുറന്നുകൊടുത്തത്. അടിപ്പാതയിൽ മെറ്റിൽ മാത്രം വിരിച്ചായിരുന്നു യാത്രക്കായി തുറന്നത്. ഒരു മാസത്തിനകം ടാറിംഗ് നടപടികൾ പൂർത്തിയാക്കുമെന്ന് അറിയിരുന്നെങ്കിലും പിന്നീട് കരാറുകാരോ അധികാരികളോ തിരിഞ്ഞുനോക്കിയിട്ടില്ല. അടിയന്തരമായി റോഡ് ടാറിംഗ് നടത്തി വഴിവിളക്കുകൾ സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭത്തിനൊരുങ്ങുകയാണ് നാട്ടുകാരും യാത്രാക്കാരും.