bmbc

ആലുവ: ഏറെകാലത്തെ കാത്തിരിപ്പിനും പ്രതിഷേധത്തിനും ഒടുവിൽ ഹൈക്കോടതി ഇടപെടലിനും ശേഷം ആലുവ - പെരുമ്പാവൂർ ദേശസാത്കൃത റോഡിന്റെ ഭാഗമായ തോട്ടുമുഖം മുതൽ ചാലക്കൽ വരെയുള്ള 5.3 കിലോ മീറ്റർ ദൂരം ബി.എം. ആന്റ് ബി.സി ടാറിംഗിന്റെ ഭാഗമായി ബി.എം ടാറിംഗ് പൂർത്തിയായി. ഇനി നാട്ടുകാരുടെ കാത്തിരിപ്പ് ബി.സിക്കായി.

ബി.എം നിലവാരത്തിലെ ടാറിംഗിന് ശേഷം റോഡിലെ അപാകതകളും മറ്റും കുറച്ചു ദിവസം ചരക്കു വാഹനങ്ങൾ ഉൾപ്പെടെ ഓടിയ ശേഷം തിരിച്ചറിയാനാകും. അതുകൂടി പരിഹരിച്ചായിരിക്കും ബി.സി ടാറിംഗ്. അടുത്ത 13നകം പൂർത്തീകരിക്കേണ്ടി വരും.

ജനത്തിന് ആശ്വാസം

ഒന്നാം ഘട്ട ടാറിംഗ് പൂർത്തിയായതോടെ ജനങ്ങൾക്ക് വലിയ ആശ്വാസമാണ് ലഭിച്ചത്. ഇവിടെ കുഴിയിൽ വീണുണ്ടായ അപകടങ്ങളിൽ ജീവഹാനി വരെ സംഭവിച്ചിട്ടുണ്ട്. ചാലക്കലിലുണ്ടായ അപകടത്തിൽ മാറമ്പിളി സ്വദേശിയാണ് മരിച്ചത്. അടുത്തിടെ മഹിളാലയത്തുണ്ടായ അപകടത്തിൽ പരിക്കേറ്റ ഉളിയന്നൂർ സ്വദേശിയുടെ ഒരു വശം തളരുകയും സംസാരശേഷി നഷ്ടപ്പെടുകയും ചെയ്തു. കഴിഞ്ഞ ദിവസമാണ് അദ്ദേഹം ആശുപത്രി വിട്ടത്. അപകടങ്ങളിൽ പരിക്കേറ്റ നിരവധി പേരുണ്ട്.

ടാറിംഗ് വൈകുന്നതിന് വാട്ടർ അതോറിട്ടിയും പി.ഡബ്ളിയു.ഡിയും പരസ്പരം പഴിചാരുകയായിരുന്നു. ജനകീയ പ്രതിഷേധം ശക്തമായപ്പോൾ അൻവർ സാദത്ത് എം.എൽ.എ വിഷയം നിയമസഭയിൽ വരെ ഉന്നയിച്ചു. നാട്ടുകാരിൽ ചിലർ ഹൈക്കോടതിയെയും സമീപിച്ചു. കോടതി കർശന നടപടി സ്വീകരിച്ചപ്പോഴാണ് ഉദ്യോഗസ്ഥർ ഉണർന്നത്.

പെരുമ്പാവൂർ മുതൽ ചാലക്കൽ വരെ മാസങ്ങൾക്ക് മുമ്പേ ടാറിംഗ് പൂർത്തിയായിരുന്നു. തുടർന്ന് തോട്ടുമുഖം വരെ ജലജീവൻ മിഷൻ പദ്ധതിയുടെയുമായി ബന്ധപ്പെട്ട പൈപ്പിടൽ നടക്കുന്നതിനാലാണ് ടാറിംഗ് നീണ്ടത്. കാൽനട യാത്ര പോലും സാധ്യമാകാതെ റോഡ് പൊട്ടിപ്പൊളിഞ്ഞിക്കുകയായിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ നടന്ന ടാറിംഗിന് നാട്ടുകാരുടെ പൂർണ്ണ സഹകരണമായിരുന്നു. ഗതാഗത നിയന്ത്രണത്തിനും മറ്റുമായി ജനകീയ സമിതി ഉണ്ടായിരുന്നു.

13 നകം എല്ലാ ജോലികളും പൂർത്തീകരിക്കണമെന്ന് ഹൈക്കോടതി

തോട്ടുമുഖം - ചാലക്കൽ റോഡ് അടുത്തമാസം 13 നകം എല്ലാ ജോലികളും പൂർത്തീകരിക്കണമെന്ന് ഹൈക്കോടതി നിർദ്ദേശം നൽകി. കുട്ടമശേരി ജനകീയറോഡ് സുരക്ഷാ സമിതി നൽകിയ ഹർജിയിലാണ് ഇടക്കാല ഉത്തരവുണ്ടായത്. നവംബർ 13 ന് കേസ് വീണ്ടും പരിഗണിക്കും.

പായസം വെച്ച് വിളമ്പി നാട്ടുകാർ

തകർന്നടിഞ്ഞ റോഡിലൂടെ സഞ്ചരിച്ച് നടുവൊടിഞ്ഞ നാട്ടുകാർ ഒന്നാംഘട്ട ടാറിംഗ് പൂർത്തിയായതിനെ തുടർന്ന് പായസം വിതരണം ചെയ്തു. കൂടുതൽ ദുരിതം അനുഭവിച്ച കുട്ടമശ്ശേരിക്കാരാണ് ജനകീയ സമിതിയുടെ നേതൃത്വത്തിൽ പായസം വിളമ്പിയത്. നിരവധി പേർ പങ്കെടുത്തു. വഴിയാത്രക്കാർക്കും പായസം നൽകി.