തൃപ്പൂണിത്തുറ: നഗരസഭയിൽ കൗൺസിലിനെ നോക്കുകുത്തിയാക്കി ചെയർപേഴ്സണും സെക്രട്ടറിയും ചേർന്ന് നിഗൂഢഭരണമാണ് നടപ്പാക്കുന്നതെന്ന് ബി.ജെ.പി ആരോപിച്ചു. കൗൺസിൽ മുമ്പാകെ വന്ന 17 അജണ്ടകളിൽ 14 ലും ചെയർപേഴ്സൺ ചട്ടവിരുദ്ധമായി ചെലവിന് മുൻകൂർ അനുമതി നൽകിയെന്നും ഇത് തദ്ദേശ സ്വയംഭരണ സ്ഥാപന വകുപ്പ് എറണാകുളം റീജിയണൽ ജോയിന്റ് ഡയറക്ടുടെ അന്വേഷണത്തിനും പരിശോധനയ്ക്കും വിധേയമാക്കണമെന്നും ബി.ജെ.പി പാർലമെന്ററി പാർട്ടി ലീഡർ പി.കെ. പീതാംബരൻ ആവശ്യപ്പെട്ടു.
കേരള മുനിസിപ്പൽ ആക്ട് പ്രകാരം അടിയന്തര ഘട്ടങ്ങളിൽ മാത്രമേ ചെലവുകൾ കൗൺസിലിന്റെ അനുമതി ഇല്ലാതെ മുൻകൂറായി നൽകാൻ കഴിയൂ. അവ അടുത്ത കൗൺസിലിന്റെ അനുമതി നേടി ക്രമവത്കരിക്കണം എന്നുമുണ്ട്.
2023 ലെ അത്താഘോഷത്തിന് ഗ്രീൻ പ്രോട്ടോക്കോൾ പാലിക്കുന്നതിനായി 3,96,159 രൂപയ്ക്ക് ചെയർപേഴ്സൺ മുൻകൂർ അനുമതി നൽകുകയും ഇതിന്റെ ബിൽ മാറുകയും ചെയ്തു. എന്നാൽ ഒരു വർഷം കഴിഞ്ഞതിന് ശേഷമാണ് ഇത് കൗൺസിൽ അംഗീകാരത്തിനായി വെച്ചത്. ഫ്ലോട്ടിംഗ് ജെ.സി.ബി ഉപയോഗിക്കുന്നതിനായി അംഗീകരിച്ച കരാർ 8 മാസം കഴിഞ്ഞാണ് കൗൺസിൽ അംഗീകാരത്തിന് സമർപ്പിച്ചത്. 2023ലെ വൃശ്ചികോത്സവത്തിന് ദീപാലങ്കാരങ്ങൾക്കായി നൽകിയ 2,49,000 രൂപയുടെ മുൻകൂർ അനുമതി അടുത്ത വൃശ്ചികോത്സവത്തിന് മുന്നോടിയായി മാത്രമാണ് കൗൺസിലിൽ വന്നത്.
നിയമപരമായി ടെൻഡർ വിളിച്ച് നടപടിക്രമങ്ങൾ പാലിച്ചാണ് അനുമതി നൽകിയിട്ടുള്ളത്. വെറും സാങ്കേതികത്വത്തിന്റെ പേരിലാണ് ബി.ജെ.പിയുടെ ആരോപണം.
രമ സന്തോഷ്
ചെയർപേഴ്സൺ
തൃപ്പൂണിത്തുറ നഗരസഭ