shan
ഷാൻ

വൈപ്പിൻ: വധശ്രമക്കേസ് പ്രതി ചെറായി പുതുവേലിൽ വീട്ടിൽ ഷാൻ (30)നെ കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിലടച്ചു. റൂറൽ ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എറണാകുളം ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷാണ് ഉത്തരവിട്ടത്. മുനമ്പം, ഞാറക്കൽ, കൊച്ചി സിറ്റിയിലെ എളമക്കര പൊലീസ് സ്റ്റേഷൻ പരിധികളിൽ കൊലപാതകശ്രമം, കഠിന ദേഹോപദ്രവം, ഭീഷണിപ്പെടുത്തൽ തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണ്. കഴിഞ്ഞ ജൂലായിൽ ചെറായിയിലെ ഒരു സ്വകാര്യ റിസോർട്ടിൽ അതിക്രമിച്ച് കയറി ഭീഷണിപ്പെടുത്തി 10,​000 രൂപ ആവശ്യപ്പെടുകയും, പണം നൽകാത്തതിനെ തുടർന്ന് ജീവനക്കാരനെ കൈയേറ്റം ചെയ്ത് പരിക്കേൽപ്പിക്കുകയുമുണ്ടായി. റിസോർട്ടിന്റെ ചില്ലുകളും അലമാരയും ചെടിച്ചട്ടികളും പുറത്തിരുന്ന മോട്ടോർ സൈക്കിളും മറ്റും അടിച്ചു തകർക്കുകയും ചെയ്തു. ഇതിന് മുനമ്പം പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രതിയായതിനെ തുടർന്നാണ് നടപടി. മുനമ്പം പൊലീസ് ഇൻസ്‌പെക്ടർ കെ.എസ്. സന്ദീപിന്റെ നേതൃത്വത്തിൽ അസി. സബ് ഇൻസ്‌പെക്ടർമാരായ എം.കെ. സിജു, എൻ.യു. രാജി, സിവിൽ പൊലീസ് ഓഫീസർ എൻ.കെ. യാസിർ എന്നിവരടങ്ങുന്ന സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.