പറവൂർ: അർദ്ധരാത്രിയിൽ വീട് മാറി കയറി വനംവകുപ്പ് ഉദ്യോഗസ്‌ഥർ പരിശോധന നടത്തിയതായി ഗോതുരുത്തിലെ കുടുംബം വടക്കേക്കര പൊലീസിൽ പരാതി നൽകി. അമ്മയും രണ്ട് കുട്ടികളും താമസിക്കുന്ന വീട്ടിൽ രാത്രി പന്ത്രണ്ട് മണിയോടെ വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി ഭീകരാന്തരീക്ഷം ഉണ്ടാക്കിയെന്ന് പരാതിയിൽ പറയുന്നു. ആറ് പേരാണ് ഉണ്ടായിരുന്നത്. രണ്ട് പേർ യൂണിഫോമിലായിരുന്നു. രണ്ടാം തവണയാണ് അർദ്ധരാത്രി വനംവകുപ്പ് ഉദ്യാഗസ്‌ഥാരാണെന്ന് പറഞ്ഞ് പരിശോധനയ്ക്കെത്തുന്നത്. ആറ് മാസം മുമ്പ് ഇത്തരത്തിൽ പുലർച്ചെ മൂന്നിന് വീട് വളഞ്ഞ്ചുറ്റും ടോർച്ച് അടിച്ച് പരിശോധന നടത്തിയിരുന്നു. ചന്ദനക്കടത്തുമായി ബന്ധപ്പെട്ട് തങ്ങൾ അന്വേഷിക്കുന്നയാൾ ഈ വീട്ടിൽ ഉണ്ടെന്ന് പറഞ്ഞായിരുന്നു പരിശോധന. വീട് മാറിയതാണെന്ന് പലതവണ പറഞ്ഞിട്ടും ഫലം ഉണ്ടായില്ലെന്നും ഉദ്യാഗസ്‌ഥർ വീട്ടുകാരുടെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയെന്നും പരാതിയിലുണ്ട്. വീട്ടിൽ നിന്ന് ആരെയും പിടികൂടാനും കഴിഞ്ഞില്ല. കോടനാട്, വാഴച്ചാൽ എന്നീ വനംവകുപ്പ് ഡിവിഷനുകളുമായി ബന്ധപ്പെട്ടപ്പോൾ എന്താണ് സംഭവമെന്ന് അറിയില്ലന്നാണ് മറുപടി ലഭിച്ചതെന്നും വീട്ടുകാരുടെ പരാതിയിൽ പറയുന്നു.