ആലുവ: സ്വകാര്യ ബസ് സ്റ്റാൻഡിന് മുന്നിൽ ബസ് സ്റ്റോപ്പ് നിരോധിച്ചതോടെ പറവൂർ, അങ്കമാലി മേഖലയിലേക്ക് പോകേണ്ട യാത്രക്കാർ ദുരിതത്തിലായി. പൊലീസ് നിർദ്ദേശപ്രകാരം ഇന്നലെ മുതലാണ് കെ.എസ്.ആർ.ടി.സി ബസുകളുടെ സ്റ്റോപ്പ് ട്രാഫിക് പൊലീസ് നിരോധിച്ചത്.
മുനിസിപ്പൽ ബസ് സ്റ്റാൻഡിന് മുമ്പുള്ള കാരോത്തുകുഴി കവലയിലേക്കോ അതിനു ശേഷമുള്ള ബാങ്ക് കവലയിലേക്കോ നടന്നാൽ മാത്രമേ ഇനി കെ.എസ്.ആർ.ടി.സി ബസുകളിൽ കയറാനാകൂ. സമീപത്തെ ഈ ബസ് സ്റ്റോപ്പുകളിലെത്താൻ യാത്രക്കാർ 400 മീറ്ററോളം നടക്കണം. അങ്കമാലി, പറവൂർ മാത്രമല്ല പെരുമ്പാവൂർ കെ.എസ്.ആർ.ടി.സി റൂട്ടിലേക്കുള്ള ബസുകളും ഇവിടെ നിർത്തിയിരുന്നതാണ്. മുനിസിപ്പൽ ബസ് സ്റ്റാൻഡിന് സമീപത്ത് ബസാർ പോസ്റ്റ് ഓഫീസിന് മുന്നിൽ നേരത്തേ സ്റ്റോപ്പ് ഉണ്ടായിരുന്നു. പിന്നീട് പുതിയ കെ.എസ്.ആർ.ടി.സി ടെർമിനൽ നിർമ്മിച്ചപ്പോൾ നടപ്പാക്കിയ ഗതാഗത പരിഷ്കാരത്തിന്റെ ഭാഗമായി എല്ലാ കെ.എസ്.ആർ.ടി.സി ബസുകളും സ്വകാര്യ ബസ് സ്റ്റാൻഡിൽ കയറി യാത്രക്കാരെ കയറ്റണമെന്ന് നിർദ്ദേശിച്ചിരുന്നു. അവിടെ കെ.എസ്.ആർ.ടി.സി ഒരു ജീവനക്കാരനെയും നിയോഗിച്ചു. കാലക്രമേണ നിയന്ത്രണം ഇല്ലാതായി. അതോടെയാണ് യാത്രക്കാർ സ്റ്റാൻഡിന് പുറത്ത് കാത്തുനിന്ന് കെ.എസ്.ആർ.ടി.സിയിൽ കയറിയിരുന്നത്.
ട്രാഫിക് തടസ്സം ഉണ്ടാകാതിരിക്കാനാണ് സ്റ്റോപ്പുകൾ നിർത്തിയതെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ ബസ് സ്റ്റാൻഡിന് മുന്നിൽ തന്നെ പുതിയതായി രൂപം കൊണ്ട ഓട്ടോ സ്റ്റാൻഡിന് മാറ്റമില്ല. നടപ്പാത കയ്യേറിയാണിവിടെ ഓട്ടോസ്റ്റാൻഡ് പ്രവർത്തിക്കുന്നത്. ഓട്ടോസ്റ്റാൻഡ് മാറ്റിയാൽ ബസുകൾക്ക് നിർത്താൻ സ്ഥലം ലഭിക്കുമെന്ന് യാത്രക്കാർ പറയുന്നു.