കൊച്ചി: കടമക്കുടി ഗ്രാമപഞ്ചായത്തിലെ മൂലമ്പിള്ളി-പിഴല പാലവുമായി ബന്ധിപ്പിക്കുന്ന 350 മീറ്റർ പിഴല അപ്രോച്ച് റോഡ് നിർമ്മാണം എത്രയും വേഗം പൂർത്തിയാക്കാൻ ജില്ലാ കളക്ടർ ഇടപെടണമെന്ന് മനുഷ്യാവകാശ കമ്മിഷൻ ചെയർപേഴ്‌സൺ ജസ്റ്റിസ് അലക്‌സാണ്ടർ തോമസ് നിർദ്ദേശിച്ചു.
ഗോശ്രീ ദ്വീപ് വികസന അതോറിറ്റി സെക്രട്ടറി, കടമക്കുടി ഗ്രാമപഞ്ചായത്ത് സെക്രട്ടറി, എൽ.എസ്.ജി.ഡി അസിസ്റ്റന്റ് എൻജിനീയർ എന്നിവരുടെ യോഗം ജില്ലാ കളക്ടർ വിളിച്ചു ചേർക്കണം. പിഴല അപ്രോച്ച് റോഡിന്റെ നിർമ്മാണം പൂർത്തിയാക്കാൻ കഴിയാത്തതിന്റെ തടസങ്ങൾ ഒഴിവാക്കി റോഡ് നിർമ്മാണം പെട്ടെന്ന് പൂർത്തിയാക്കാനുള്ള നിർദ്ദേശങ്ങൾ ഗോശ്രീ വികസന അതോറിറ്റി സെക്രട്ടറിക്കും ആവശ്യമെങ്കിൽ കരാറുകാരനും ജില്ലാ കളക്ടർ നൽകണം. ഉത്തരവിന്റെ അടിസ്ഥാനത്തിൽ നൽകിയ നിർദ്ദേശങ്ങൾ ഉൾപ്പെടെയുള്ള കാര്യങ്ങൾ വിശദമാക്കി സമഗ്രമായ റിപ്പോർട്ട് നാലാഴ്ചക്കുള്ളിൽ ജില്ലാ കളക്ടർ സമർപ്പിക്കണം. റോഡ് പണി പൂർത്തിയാക്കാൻ ആവശ്യമായ ചുരുങ്ങിയ സമയം റിപ്പോർട്ടിൽ സൂചിപ്പിക്കണം.

ഡിസംബർ 3ന് എറണാകുളം ഗവ.ഗസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കുമെന്നും എറണാകുളം ജില്ലാ കളക്ടർ, കടമക്കുടി ഗ്രാമപഞ്ചായത്ത് സെക്രട്ടറി, ഗോശ്രീ വികസന അതോറിറ്റി സെക്രട്ടറി എന്നിവർ നിയോഗിക്കുന്ന മുതിർന്ന ഉദ്യോഗസ്ഥർ സിറ്റിംഗിൽ ഹാജരാകണമെന്നും ഉത്തരവിൽ പറയുന്നു. പിഴല സ്വദേശി ഒ.ജി. സെബാസ്റ്റ്യൻ സമർപ്പിച്ച പരാതിയിലാണ് നടപടി.