കൊച്ചി: റവന്യൂ ജില്ലാ സ്‌കൂൾ ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹിക ശാസ്ത്ര, പ്രവൃത്തിപരിചയ, ഐ.ടി മേളയും വി.എച്ച്.എസ്.ഇ റീജണൽ വൊക്കേഷണൽ എക്‌സ്‌പോയും ഇന്നും നാളെയും ആലുവയിലെ വിവിധ വിദ്യാലയങ്ങളിൽ നടക്കും. ജില്ലയിലെ 14 ഉപജില്ലകളിൽ നിന്നായി എണ്ണായിരത്തോളം ശാസ്ത്രപ്രതിഭകൾ പങ്കെടുക്കും. ഇന്ന് രാവിലെ പത്തിന് മേള ബെന്നി ബഹനാൻ എം.പി ഉദ്ഘാടനം ചെയ്യും. അൻവർ സാദത്ത് എം.എൽ.എ അദ്ധ്യക്ഷനാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ, ആലുവ നഗരസഭ ചെയർമാൻ എം.ഒ. ജോൺ എന്നിവർ മുഖ്യാതിഥികളാകും.

വെള്ളിയാഴ്ച വൈകിട്ട് അഞ്ചിന് നടക്കുന്ന സമാപന സമ്മേളനം അൻവർ സാദത്ത് എം.എൽ.എ. ഉദ്ഘാടനം ചെയ്യും. പി.വി. ശ്രീനിജിൻ എം.എൽ.എ. അദ്ധ്യക്ഷനാകും. എൽദോസ് കുന്നപ്പിള്ളി എം.എൽ.എ. സമ്മാനദാനം നിർവഹിക്കും.

മേളകളും നടക്കുന്ന സ്‌കൂളുകളും

ശാസ്ത്രമേള, ഐ.ടി. മേള: ആലുവ സെന്റ് ഫ്രാൻസിസ് എച്ച്.എസ്.എസ്

പ്രവൃത്തിപരിചയമേള: ആലുവ വിദ്യാധിരാജ വിദ്യാഭവൻ

ഗണിതമേള: ആലുവ എസ്.എൻ.ഡി.പി എച്ച്. എസ്.എസ്

സാമൂഹികശാസ്ത്രമേള: ആലുവ ഗവ.ഗേൾസ് എച്ച്.എസ്.എസ്

റീജണൽ വൊക്കേഷണൽ എക്‌സ്‌പോ: ആലുവ സെന്റ് മേരീസ് എച്ച്.എസ്