കൊച്ചി: അലൻവാക്കറുടെ സംഗീതനിശയ്‌ക്കിടെ വിലകൂടിയ മൊബൈൽ ഫോണുകൾ മോഷ്‌ടിച്ച ഡൽഹി സംഘത്തിലെ രണ്ടു പ്രതികളെ പൊലീസ് കസ്റ്റഡിയിൽ ചോദ്യം ചെയ്യൽ ആരംഭിച്ചു. ഡൽഹിയിൽ നിന്ന് അറസ്റ്റ് ചെയ്ത വാസീം അഹമ്മദ് (32), അത്തിഖ് ഉർ റഹ്മാൻ (38) എന്നിവരെയാണ് ചോദ്യം ചെയ്യുന്നത്. അതിനിടെ മുംബയിൽ അറസ്റ്റിലായ രണ്ടുപേരെ ഇന്നലെ രാത്രി കൊച്ചിയിലെത്തിച്ചു. താനെ സ്വദേശി സണ്ണി ഭോല യാദവ് (27), യു.പി രാംപുർ ഖുഷിനഗർ ശ്യാം ബരൺവാൾ (32) എന്നിവരെ ഇന്നു രാവിലെ കോടതിയിൽ ഹാജരാക്കും. മുംബയിലെ മൊബൈൽ കടകളിൽ പൊലീസ് ഇന്നലെയും പരിശോധനകൾ നടത്തി.
അറസ്റ്റിലായ നാലുപേരെയും ഒരുമിച്ചിരുത്തി പൊലീസ് ചോദ്യം ചെയ്യും. ഡൽഹി, മുംബയ് മോഷണസംഘങ്ങൾ തമ്മിൽ ബന്ധമുണ്ടെന്ന സൂചന സ്ഥിരീകരിക്കുകയാണ് ലക്ഷ്യം. കേസിൽ നാലുപേർ കൂടി പിടിയിലാകാനുണ്ട്.