മട്ടാഞ്ചേരി: കരുവേലിപ്പടി സർക്കാർ ആശുപത്രിയിൽ കെ.എസ്.യു - എസ്.എഫ്.ഐ പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ സി.പി.എം കൊച്ചി ഏരിയ സെക്രട്ടറി കെ.എം. റിയാദ് ഉൾപ്പെടെ ഇരുപതോളം പേർക്കെതിരെ പൊലീസ് കേസെടുത്തു. കെ.എസ്.യു പ്രവർത്തകരായ അൽ അമീൻ, മുഹമ്മദ് നഫീദ്, റിസ്വാൻ എന്നിവരുടെ പരാതിയിലാണ് നടപടി. ഇരുപതോളം പേർ സംഘം ചേർന്ന് കെ.എസ്.യു പ്രവ‌ർത്തകരെ ആശുപത്രിയിൽ കയറി മർദ്ദിച്ചുവെന്നാണ് പരാതി. ആശുപത്രിയിലെ ഗ്ളാസ് ഡോർ തല്ലി തകർക്കുകയും രോഗികളെ ഭീഷണിപ്പെടുത്തുകയും പൊതുമുതൽ നശിപ്പിക്കുകയും ചെയ്തതിന് ആശുപത്രി അധികൃതരുടെ പരാതിയിലും പൊലീസ് ഉദ്യോഗസ്ഥരെ അക്രമിക്കുകയും കൃത്യനിർവഹണം തടസപ്പെടുത്തുകയും ചെയ്തെന്ന തോപ്പുംപടി എസ്.ഐ പി. ഷാബിയുടെ പരാതിയിലും കേസെടുത്തിട്ടുണ്ട്. അതേ സമയം കെ.എം. റിയാദിനെതിരെ കോൺഗ്രസ് നേതാക്കളുടെ സമ്മർദത്തിന് വഴങ്ങി പൊലിസ് കള്ളക്കേസ് എടുക്കുകയായിരുന്നുവെന്ന് സി.പി.എം കേന്ദ്രങ്ങൾ ആരോപിച്ചു.