മരട്: സ്കൂട്ടർ യാത്രക്കാരി പള്ളുരുത്തി സ്വദേശിനി സനിലയുടെ മരണത്തിനിടയാക്കിയ അപകടത്തിൽപ്പെട്ട കാർ പൊലീസ് കസ്റ്റഡിയിലെടുത്തു. കാർ ഉടമ വൈറ്റില സ്വദേശിക്ക് നോട്ടീസ് നൽകി.

സനിലയുടെ ശരീരത്തിലൂടെ ബൈക്ക് കയറിയിറങ്ങിയെന്ന നിഗമനത്തിലായിരുന്നു നേരത്തെ പൊലീസ്. സി.സി ടിവി ദൃശ്യം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് അപകടത്തിൽ കാറും ഉൾപ്പെട്ടതായി കണ്ടെത്തിയത്. കാർ തട്ടിയിട്ടതിനാലാകാം ബൈക്കിന് തീ പിടിച്ചത്. അപകടം ഉണ്ടാക്കി നിറുത്താതെ പോയ ബൈക്ക് യാത്രക്കാരൻ വാത്തുരുത്തി സ്വദേശി റിനി വർഗീസിനെ നേരത്തെ അറസ്റ്റുചെയ്തിരുന്നു.

ചൊവ്വാഴ്ച രാവിലെ ഓഫീസിലേക്ക് പോകുന്നതിനിടെയാണ് സനില അപകടത്തിൽപ്പെട്ടത്. റിനി വർഗീസിന്റെ ബൈക്ക് തട്ടി നിയന്ത്രണം തെറ്റിയ സനിലയുടെ സ്കൂട്ടർ മീഡിയൻ മറികടന്ന് എതിർദിശയിലെ ട്രാക്കിലേക്ക് മറിയുകയായിരുന്നു. ഈ ട്രാക്കിലൂടെ വരികയായിരുന്ന കാറും പിന്നാലെ വരികയായിരുന്ന ബൈക്കും അപകടത്തിൽപ്പെടുകയായിരുന്നു. കാർ തട്ടിയിട്ട ബൈക്കിന്റെ ഇന്ധനടാങ്ക് പൊട്ടി കത്തിനശിച്ചു.