 
തൃപ്പൂണിത്തുറ: അമ്പലം കത്തിയ ഉത്സവം എന്നറിയപ്പെടുന്ന ശ്രീപൂർണതയീശ ക്ഷേത്രത്തിലെ തുലാം 9 ഉത്സവം ഇന്ന് നടക്കും. ക്ഷേത്രം അഗ്നിക്കിരയായശേഷം പുത്തൻബംഗ്ലാവിലേക്ക് മാറ്റി സ്‌ഥാപിച്ച തേവാരബിംബം ശുദ്ധിക്രിയകൾ നടത്തി ക്ഷേത്രത്തിലേക്ക് പുനഃപ്രതിഷ്ഠ നടത്തിയതിന്റെ സ്മരണയിലാണ് ഉത്സവം. ദീപാരാധനയ്ക്കുശേഷം ശ്രീലകത്ത് കൊളുത്തുന്ന ദീപത്തിൽനിന്ന് നടപ്പുരയിൽ നിരത്തിയിരിക്കുന്ന കർപ്പൂരത്തിലേക്ക് ജ്വാലപകരും. ക്ഷേത്രസന്നിധിയിലെ നടപ്പുരയിലും പ്രദക്ഷിണ വഴികളിലേക്കുള്ള കർപ്പൂരാഗ്നിയിൽ നിന്നുള്ള ദീപ നാളങ്ങളും പുകയും ക്ഷേത്രത്തിനുള്ളിൽ അഗ്നിബാധയുടെ പ്രതീതി ഉണ്ടാക്കും.
രാവിലെ 7.30ന് ശീവേലി, തേരോഴി രാമക്കുറുപ്പിന്റെ പ്രമാണത്തിൽ പഞ്ചാരിമേളം, വൈകിട്ട് 3ന് കനറാ ബാങ്കിൽനിന്ന് കർപ്പൂര എഴുന്നള്ളിപ്പ്, ഉദയനാപുരം ഹരി, ഏലൂർ അരുൺദേവ് വാര്യർ എന്നിവരുടെ പഞ്ചവാദ്യം, വൈകിട്ട് 5.30ന് കാഴ്ചശീവേലി, നടക്കാവ് അമൽമാരാരുടെ പ്രമാണത്തിൽ പഞ്ചാരിമേളം, 6ന് നിറമാല ചുറ്റുവിളക്ക്, കർപ്പൂര ദീപക്കാഴ്ച, 6.30ന് തിരുവാതിരകളി, 7ന് സന്താനഗോപാലം കഥകളി, മുളങ്കുന്നത്തുകാവ് രഞ്ജിത്ത് നമ്പ്യാരുടെ പ്രമാണത്തിൽ തായമ്പക, 8.30ന് വിളക്കിനെഴുന്നള്ളിപ്പ്, തിരുമറയൂർ രാജേഷ് മാരാരുടെ പ്രമാണത്തിൽ പഞ്ചാരിമേളം തുടങ്ങിയവ നടക്കും.
കാഞ്ഞിരക്കാട്ട് ശേഖരൻ, തിരുവാണിക്കാവ് രാജഗോപാലൻ, പാക്കത്ത് ശ്രീക്കുട്ടൻ, കുളമാക്കിൽ പാർത്ഥസാരഥി, തടത്താവിള സുരേഷ്, ദേവസ്വം അച്യുതൻകുട്ടി എന്നീ ഗജവീരന്മാരെ എഴുന്നള്ളിക്കും.
.